സ്വന്തം ലേഖകന്‍: കാറ്റലോണിയയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം, സ്‌പെയിന്‍ തിരിച്ചടി തുടങ്ങി, കാറ്റാലന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഭരണം മാഡ്രിഡ് ഏറ്റെടുത്തു. അര്‍ധ സ്വയംഭരണ പ്രവിശ്യയായിരുന്ന കാറ്റലോണിയ ഇതോടെ സ്പാനിഷ് സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. സ്പാനിഷ് ഉപപ്രധാനമന്ത്രി സൊറായ സയേന്‍സ് ഡി സാന്റാമറിയക്കാണ് പ്രവിശ്യയുടെ ഭരണ ചുമതല. അതേസമയം, സ്‌പെയിനിറ്റെ തീരുമാനം അംഗീകരിക്കില്ലെന്ന് കാറ്റലോണിയ അറിയിച്ചു.
ഉദ്യോഗസ്ഥരോട് സ്പാനിഷ് സര്‍ക്കാറിന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ പാടില്ലെന്ന് കാറ്റലന്‍ നേതാവ് കാര്‍ലസ് പുജെമോണ്ട് ആഹ്വാനം ചെയ്തു. കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്നാലെയാണ് സ്‌പെയിന്‍ പ്രവിശ്യയുടെ സ്വയംഭരണം റദ്ദാക്കിയത്. അതോടൊപ്പം കാറ്റലന്‍ പൊലീസ് മേധാവിയെയും ഡയറക്ടര്‍ ജനറലിനെയും പുറത്താക്കി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം പൊലീസ് വകുപ്പിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ഡിസംബര്‍ 24 ന് കാറ്റലോണിയയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നടത്താനും സ്പാനിഷ് സര്‍ക്കാര്‍ തീരുമാനിച്ചു.
കാറ്റലോണിയയില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്താനുള്ള നീക്കം സ്പാനിഷ് സെനറ്റ് വെള്ളിയാഴ്ച അംഗീകരിച്ചിരുന്നു. സ്‌പെയിനില്‍ നിന്ന് പൂര്‍ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഒക്‌ടോബര്‍ ഒന്നിന് കാറ്റലോണിയ ഹിതപരിശോധന നടത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഹിതപരിശോധനയില്‍ പങ്കെടുത്ത 43 ശതമാനം ആളുകളില്‍ 90 ശതമാനവും സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. സ്‌പെയിന്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹിതപരിശോധനക്ക് യു.എസ്, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും എതിരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല