സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചെസ്റ്റെര്‍): ലോകസമാധാനത്തിന്റെയും നന്മ്മയുടെയും സന്ദേശം ഉയര്‍ത്തി,സ്‌നേഹത്തിന്റെ ഉണര്‍ത്തുപാട്ടുമായി മാഞ്ചെസ്റ്റെര്‍ കാത്തലിക് അസോസിയേഷന്റെ ക്രിസ്ത്മസ് കരോള്‍ പ്രൗഢഗംഭീരമായി പുരോഗമിക്കുന്നു. സാന്താക്‌ളോസിനൊപ്പം കരോള്‍ ഗാനങ്ങളും നൃത്തച്ചുവടുകളുമായി അസോസിയേഷന്‍ കുടുംബങ്ങളും അണിനിരന്നതോടെ ഏവര്‍ക്കും മനസില്‍ സൂക്ഷിക്കാവുന്ന ആഘോഷരാവുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിക്കുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച കരോള്‍ മാഞ്ചസ്റ്ററിലെ ഭവനങ്ങളിലൂടെ പുരോഗമിക്കുകയാണ്.അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സണ്‍ ജോബിന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് കരോളിന് നേതൃത്വം നല്‍കുന്നത്.അസോസിയേഷന്‍ പുറത്തിറക്കിയ കലണ്ടറും,ആശംസാ കാര്‍ഡുകളും സാന്താക്‌ളോസ് സമ്മാനമായി കുടുംബങ്ങള്‍ക്ക് കൈമാറുന്നു.പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയേശുവിന് നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ചു ഒരേമനസോടെ പിഞ്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കരോളില്‍ പങ്കെടുത്തുവരികയാണ്.
വ്യാഴാഴ്ച ബെഞ്ചില്‍,വിഥിന്‍ഷോ ഭാഗങ്ങളിലൂടെയും,വെള്ളിയാഴ്ച ബാഗുളി,നോര്‍ത്തേണ്ടന്‍,ശനിയാഴ്ച ടിംബര്‍ലി,ഞാറാഴ്ച്ച വിതിങ്ങ്ടണ്‍,ചീഡില്‍ ഭാഗങ്ങളിലൂടെയും കരോള്‍ നടന്നു.കരോള്‍ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.
അസോസിയേഷന്റെ ക്രിസ്ത്മസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 14 ശനിയാഴ്ച ടിംബര്‍ലി മെതോഡിസ്റ്റ് ഹാളില്‍ നടക്കും.അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സണ്‍ ജോബിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.പൊതുസമ്മേളനത്തെ തുടര്‍ന്ന് കലാസന്ധ്യയും,ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കും. ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും എക്‌സിക്യൂട്ടീവ് കമ്മറ്റി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല