സ്വന്തം ലേഖകന്‍: ഝാര്‍ഖണ്ഡില്‍ കന്നുകാലി കച്ചവടക്കാരെ ഗോ സംരക്ഷകര്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കി. കന്നുകാലി കച്ചവടക്കാരായ മുഹമ്മദ് മജ്ലൂം(35), അസാദ് ഖാന്(15) എന്നിവരെയാണ് ലാത്തെഹാര്‍ ജില്ലയില്ലെ ബാലുമത് കാട്ടിലുള്ള മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും കൈകള്‍ പുറകില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ഇരുവരും കച്ചവടത്തിനായി കന്നുകാലികളുമായി ചന്തയിലേക്ക് പോകുമ്പോള്‍ തടസം സൃഷ്ടിച്ച അക്രമികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദു വര്‍ഗീയ വാദികളാണ് കൊലപാതകത്തിന് പിന്നിലെന്ന് ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച നേതാവും എം.എല്‍.എയുമായ പ്രകാശ് റാം ആരോപിച്ചു.
ഇരുവര്‍ക്കും മര്‍ദനമേറ്റ രീതികള്‍ വിലയിരുത്തിയാല്‍ കരുത്തിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കൊലപാതക വിവരം പുറത്തുവന്നതോടെ ജബ്ബാര്‍ എന്ന ഗ്രാമത്തില്‍ വര്‍ഗീയ കലാപത്തിനുള്ള സാധ്യതകള്‍ ഉടലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങള്‍ മരത്തില്‍നിന്ന് പോലീസ് താഴെയിറക്കാന്‍ ശ്രമിച്ചതും നാട്ടുകാര്‍ ചോദ്യം ചെയ്തു.
തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലീസ് ആകാശത്തേയ്ക്ക് വെടിവയ്ക്കുകയും ലാത്തി വീശുകയും ചെയ്തു. കന്നുകാലി കച്ചവടവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഇരുവരും മുമ്പും ആക്രമണത്തിന് ഇരയായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല