1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2011

മലയാള കുറ്റാന്വേഷണ സിനിമയില്‍ പുതിയൊരു പാത തുറന്നുകാട്ടി, മുമ്പെങ്ങുമില്ലാത്തൊരു തരംഗം സൃഷ്ടിച്ച ഒരു സി.ബി.ഐ ഡയറിക്കുറിപ്പിന്‍റെ അടുത്ത ഭാഗം വരുന്നു. 1987ല്‍ റിലീസു ചെയ്ത സി.ബി.ഐ ഡയറിക്കുറിപ്പിനു ശേഷം രണ്ടും മൂന്നും നാലും ഭാഗങ്ങളായ ജാഗ്രത, സേതു രാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്ന കുറ്റാന്വേഷണ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമായിരിക്കും ഇനി വരുന്നത്.

മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന സി ബി ഐ ചിത്രങ്ങളില്‍, നാലാം ഭാഗം പ്രതീക്ഷിച്ചത്ര ഹിറ്റ് ആയില്ല. അതിന്റെ കുറവു കൂടി നികത്തി, ഒരു സൂപ്പര്‍ ഹിറ്റ് ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് മമ്മൂട്ടി-കെ.മധു-എസ്.എന്‍.സ്വാമി ടീം കൃഷ്ണപ്രിയയുടെ ബാനറില്‍ വീണ്ടും ഒന്നിക്കുന്നത്..

ചിത്രത്തിന്റെ പേരില്‍ പൂര്‍ണ്ണമായൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല. അണിയറ പ്രവര്‍ത്തകരൊക്കെ മുമ്പുള്ളവര്‍ തന്നെ. എസ്.എന്‍. സ്വാമിയുടെ തിരക്കഥയിലും, ശ്യാമിന്റെ സംഗീതത്തിലും നേരിയ വ്യത്യാസം വരുത്തിയെന്നതൊഴിച്ചാല്‍ പ്രമേയം പഴയതുതന്നെ. ഒരു കൊലപാതകവും, അതിനെത്തുടര്‍ന്നുണ്ടാകുന്ന സിബിഐ അന്വേഷണവും, അന്വേഷണ ഉദ്യോഗസ്ഥനായി സേതു രാമയ്യര്‍ എത്തുന്നതും… പഴയ കഥയുടെ പുനരാവര്‍ത്തനം. പ്രേക്ഷകര്‍ മടുക്കാത്ത വിധത്തില്‍, പഴയ വീഞ്ഞ് പുതിയ കുടത്തിലാക്കി എത്തിക്കുന്നു എന്നു മാത്രം.

കുറ്റാന്വേഷണ ചിത്രങ്ങളില്‍ സാധാരണ കണ്ടു വരാറുള്ള ആക്ഷനുകള്‍ ഒഴിവാക്കിക്കൊണ്ട് ബുദ്ധിയുപയോഗിച്ച് സത്യത്തിനു നേരേ നടന്നടുക്കുന്ന സേതുരാമയ്യര്‍ എന്ന പട്ടര്‍. നെറ്റിയില്‍ ചന്ദനക്കുറിയും, അരക്കയ്യന്‍ ഷര്‍ട്ടും ഇട്ട് കൈകള്‍ പിറകില്‍ കെട്ടിയുള്ള കഥാനായകന്റെ നടപ്പ്, മലയാളി മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. ആക്ഷന്‍ രംഗങ്ങളില്ലാതെ കൂര്‍മ്മബുദ്ധിയോടെ കേസന്വേഷിക്കുന്ന ശൈലിയാണ് സിബിഐ പരമ്പരയില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. മറ്റു ചിത്രങ്ങളില്‍ നിന്ന് ഈ കുറ്റാന്വേഷണ പരമ്പരയെ വ്യത്യസ്ഥമാക്കുന്നതും ഈ ഒരു രീതി തന്നെയാവണം.

മമ്മൂട്ടിയുടെ സഹായികളായി ജഗതിയും സുരേഷ് ഗോപിയും എത്തിയപ്പോള്‍ പോലീസുകാരനായി മുകേഷ് ഒരു സിബിഐ ഡയറിക്കുറിപ്പിലും, ജാഗ്രതയിലും എത്തിയിരുന്നു. തുടര്‍ന്നുള്ള ചിത്രങ്ങളിലും ജഗതിയും മുകേഷും ഉണ്ടായിരുന്നു. അഞ്ചാം ഭാഗത്തിലും ജഗതി, മുകേഷ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുന്നു. മറ്റ് താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

തിയേറ്റര്‍ ഉടമകളുയെയും വിതരണക്കാരുടെയും സമരം ഫിലിം ഇന്‍ഡസ്ട്രിയെ ബാധിക്കുന്നതിനാലും സിനിമയുടെ നിര്‍മ്മാണം നീണ്ടു പോകാനിടയുള്ളതിനാലും സിനിമയെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ വിസമ്മതിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.