കൊല്ലം:കേരളരാഷ്ട്രീയത്തിന്റെ ഇടനെഞ്ചില്‍ കുത്തിക്കയറിയ വാളകത്തെ വിവാദമായ പാരക്കേസ് ഒന്നാംപിറന്നാള്‍ ആഘോഷിക്കുന്നു. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തെങ്കിലും ദുരൂഹതയുടെ മറ നീക്കാനായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നുവെന്നുമാത്രമാണ് സി.ബി.ഐ. ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്ന മറുപടി. വാളകം ആര്‍.വി.വി.എച്ച്.എസ്.എസിലെ അധ്യാപകന്‍ ആര്‍.കൃഷ്ണകുമാര്‍ 2011 സപ്തംബര്‍ 27ന് രാത്രിയിലാണ് എം.സി.റോഡരികില്‍ പരിക്കേറ്റ് കിടന്നത്. സംഭവം ആക്രമണമാണോ അപകടമാണോ മനഃപൂര്‍വ്വം ആരെങ്കിലും അപകടപ്പെടുത്തിയതാണോ എന്നുമാത്രമാണ് തെളിയേണ്ടത്. രണ്ട് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചിട്ടും ഒരു തുമ്പും ഉണ്ടായില്ല. പിന്നീടാണ് കേസ് സി.ബി.ഐ.യുടെ കൈകളില്‍ എത്തിയത്. സി.ബി.ഐ.അന്വേഷണം തുടങ്ങിയതോടെ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവസാനമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരുമാസത്തിലധികമായിട്ടും സി.ബി.ഐ.അന്വേഷണം വേണ്ട രീതിയിലായിട്ടില്ലെന്നാണ് ആക്ഷേപം.
വാളകം എം.എല്‍.എ.കവലയിലാണ് ആര്‍.വി.എച്ച്. എസിലെ അധ്യാപകന്‍ പരിക്കേറ്റുകിടന്നത്. വാഹനാപകടമെന്ന് കരുതി ഹൈവേ പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ ആഴത്തിലുള്ള മുറിവ് കണ്ടതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. തന്നെ നാലുപേര്‍ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നെന്ന് അധ്യാപകന്റെ ആദ്യ മൊഴി. എന്നാല്‍ പിന്നീട് അധ്യാപകന്‍ മൊഴിമാറ്റി. സ്‌കൂള്‍ മാനേജര്‍ മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് തന്നോട് മുന്‍വൈരാഗ്യമുണ്ടെന്ന് പറഞ്ഞു. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നുള്ള ശക്തമായ പ്രക്ഷോഭങ്ങളാണ് ഉണ്ടായത്. പ്രതിഷേധ മാര്‍ച്ചും ലാത്തി ചാര്‍ജ്ജും വി.എസിന്റെ യോഗവുമെല്ലാം വാളകത്തെ ദിവസങ്ങളോളം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു.
ഇതിനിടയില്‍ അധ്യാപകന്‍ പലതവണ മൊഴിമാറ്റി പറഞ്ഞതോടെ അന്വേഷണം മന്ദഗതിയിലായി. താന്‍ ബസിലാണ് കയറിയതെന്ന് പറഞ്ഞ അധ്യാപകന്‍ പിന്നീട് കാറില്‍ കൊണ്ടുവന്ന് തള്ളുകയായിരുന്നുവെന്ന് ആവര്‍ത്തിച്ചു. പോലീസിനും മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴികളിലും പരസ്പരവിരുദ്ധമായ കാര്യങ്ങള്‍. ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അധ്യാപകനെ പുറത്തുകൊണ്ടുവന്നപ്പോഴും പറഞ്ഞ കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടായി.
അന്വേഷണത്തിനൊടുവില്‍ വാഹനാപകടമെന്ന നിഗമനത്തിലാണ് പോലീസ് എത്തയത്. ഇത് മനഃപൂര്‍വ്വമോ അല്ലാതെയോ എന്നുമാത്രം തെളിയിക്കാനായി അന്വേഷണ ഉദ്യോഗസ്ഥരുടെ പിന്നീടുള്ള ശ്രമം. ഇടിച്ചത് വെള്ള ആള്‍ട്ടോ കാര്‍ ആണെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കാറുകള്‍ പരിശോധനാവിധേയമാക്കി. ടെലിഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചു. എന്നാലും പ്രതികളെ കണ്ടെത്താനായില്ല. സംഭവം ആസൂത്രിതമാണെന്ന് കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയും കുടുംബാംഗങ്ങളും വാദിക്കുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെയും അവര്‍ ഖണ്ഡിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.
ഇതിനിടെ കേസന്വേഷണം സര്‍ക്കാര്‍ സി.ബി.ഐ.യ്ക്ക് വിട്ടതോടെ പോലീസ് അന്വേഷണം നിര്‍ജ്ജീവമായി. എസ്.പി.രഘുകുമാറിന്റെയും അഡീഷണല്‍ എസ്.പി. നന്ദകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് എസ്.പി.സ്ഥലംമാറി പോയതോടെ അഡീഷണല്‍ എസ്.പി.യുടെ കൈകളിലായി അന്വേഷണം. സംഭവം നടന്ന വാളകത്തും പരിസരങ്ങളിലും ആഴ്ചകളോളം രഹസ്യാന്വേഷണം നടത്തിയശേഷമാണ് സി.ബി.ഐ.സംഘം പ്രത്യക്ഷത്തില്‍ എത്തിയത്. കൊട്ടാരക്കര റസ്റ്റ് ഹൗസില്‍ ക്യാമ്പ് ഓഫീസ് തുറന്ന് തെളിവെടുപ്പുകള്‍ നടത്തുകയാണ്. അന്വേഷണം ഏത് ദിശയിലെത്തിയെന്ന് വ്യക്തമാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല