സ്വന്തം ലേഖകൻ: ബ്രിട്ടനെ സംബന്ധിച്ചടത്തോളം 2025 ഉം മെച്ചമായിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസ്ഥയില്‍. ലോകത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് സമ്പദ് വ്യവസ്ഥ നീങ്ങുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി പറഞ്ഞു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പൊട്ടിച്ച നികുതി ബോംബിന്റെ ആഘാതത്തിലാണ് ബിസിനസ്സുകള്‍.
ലേബര്‍ ഗവണ്‍മെന്റ് നടപ്പാക്കിയ നികുതി വര്‍ധനവുകള്‍ തൊഴിലുകളെയും, നിക്ഷേപങ്ങളെയും, വളര്‍ച്ചയെയും ബാധിക്കുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധി ഡൗണിംഗ് സ്ട്രീറ്റില്‍ ‘സൃഷ്ടിച്ചതാണെന്നാണ്’ ആരോപണം.
2025 തുടക്കത്തില്‍ എല്ലാ പ്രധാന മേഖലകളും നെഗറ്റീവ് കാഴ്ചപ്പാടിലാണെന്ന് എംപ്ലോയേഴ്‌സ് സംഘടന വ്യക്തമാക്കി. മാനുഫാക്ചറിംഗ്, സര്‍വ്വീസ്, റീട്ടെയില്‍ എന്നിവയെല്ലാം ഈ സ്ഥിതിയാണ് നേരിടുന്നത്. എംപ്ലോയേഴ്‌സ് നാഷണല്‍ ഇന്‍ഷുറന്‍സിലെ 25 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വര്‍ദ്ധനവുകളാണ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായത്.
‘ഞങ്ങളുടെ പുതിയ സര്‍വ്വെകളില്‍ സമ്പദ് വ്യവസ്ഥ ഏത് ദിശയിലാണ് പോകുന്നതെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സ്ഥാപനങ്ങള്‍ ഉത്പാദനവും, ജോലിക്ക് ആളെ എടുക്കുന്നതും കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം കൂടുതല്‍ ബലപ്പെടും’, കോണ്‍ഫെഡറേഷന്‍ ചീഫ് ഇക്കണോമിസ്റ്റ് അല്‍പേഷ് പലേജ പ്രതികരിച്ചു.
അവസാന പാദത്തിലെ വളര്‍ച്ചാ പ്രവചനങ്ങള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പൂജ്യത്തിലേക്ക് പുനര്‍നിശ്ചയിച്ചിരുന്നു. അടുത്ത വര്‍ഷം 2 ശതമാനം വളര്‍ച്ച പ്രവചിച്ച ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയും ഇത് വെട്ടിച്ചുരുക്കുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല