സമീപകാലങ്ങളില്‍ ഇന്ത്യയിലൊക്കെ കണ്ടുവരാറുള്ള പോലെ റോഡ് സൈഡില്‍ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത ബിട്ടനിലും കണ്ടു തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നു കാറുകളില്‍ നിന്നും മാലിന്യങ്ങള്‍ റോഡിലേക്കും മറ്റും കളയുന്നവരെ കയ്യോടെ പിടി കൂടി തക്കതായ ശിക്ഷ നല്കാനുള്ള തീരുമാനമാണ് ബ്രിട്ടീഷ് കൌണ്‍സിലുകളും പോലീസും കൈക്കൊണ്ടിരിക്കുന്നത്. റോഡിലേക്ക് മാലിന്യം നിക്ഷേപിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും 80 പൌണ്ടിന്റെ പിഴയാണ് അധികൃതര്‍ ഈടാക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ ആരാണ് മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിച്ചതെന്നു പലപ്പോഴും പോലീസിനു കണ്ടെത്താന്‍ സാധിക്കാറില്ല, ഈ പഴുത് ഉപയോഗപ്പെടുത്തി പ്രോസിക്യൂഷന്‍ സമയത്ത് പലരും രക്ഷപ്പെടുകയാണ് പതിവ്.
എന്നാല്‍ ഇപ്പോള്‍ കൈക്കൊള്ളാനുദ്ദേശിക്കുന്ന കര്‍ശന നിലപാട് വഴി സിസിടിവി ദൃശ്യങ്ങളെ പ്രയോജനപ്പെടുത്തി ഏത് വാഹനത്തില്‍ നിന്നാണോ പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നത് ആ വാഹനത്തിന്റെ ഉടമയ്ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. അതായത് വാഹനത്തില്‍ ഉടമ കുറ്റകൃത്യം നടക്കുമ്പോള്‍ വാഹനത്തില്‍ ഇല്ലെങ്കില്‍പോലും ശിക്ഷ നേരിടേണ്ടി വരിക വാഹനയുടമ തന്നെയാകുമെന്ന് ചുരുക്കം!
പരിഷ്കരിച്ച ഈ പ്രാദേശിക ബില്‍ ഈ മാസം തന്നെ ചര്‍ച്ചയ്ക്കിടും, ബില്‍ പാസാകുന്ന പക്ഷം അമിത വേഗതയ്ക്ക് നല്‍കി വരുന്ന അതേ ശിക്ഷ തന്നെയാണ് വാഹനത്തില്‍ നിന്നും പൊതു സ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്നവര്‍ക്കും ലഭിക്കുക. റോഡ് സൈഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ 850 മില്യന്‍ പൌണ്ടാണ് കൌണ്‍സിലുകള്‍ക്ക് ഓരോ വര്‍ഷവും ചിലവാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല