സ്വന്തം ലേഖകൻ: എമിറേറ്റിലെ എല്ലാ പൊതു കെട്ടിടങ്ങളിലും മികച്ച രീതിയിലുള്ള സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി റാസല്‍ഖൈമ പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്നിനു മുമ്പായി ‘ഹിമായ’ അഥവാ സംരക്ഷണം എന്നു പേരുള്ള സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും റാസല്‍ഖൈമയിലെ കെട്ടിട ഉടമകള്‍ക്ക് എമിറേറ്റ് പോലീസ് നിര്‍ദ്ദേശം നല്‍കി.
ജനുവരി 31 ഓടെ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത് സബ്സ്‌ക്രിപ്ഷന്‍ പുതുക്കണമെന്നാണ് പോലീസ് എമിറേറ്റിലെ എല്ലാ വാണിജ്യ ടവറുകളുടെയും കെട്ടിടങ്ങളുടെയും ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം നിയമ ലംഘനത്തിന് അവര്‍ പിഴ അടക്കേണ്ടിവരും.
കെട്ടിട ഉടമകള്‍ നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഫെബ്രുവരി ഒന്നു മുതല്‍ കെട്ടിട ഉടമകള്‍ ഹിമായ രജിസ്‌ട്രേഷന്‍ നടത്തുകയോ നേരത്തേയുള്ളവര്‍ അത് പുതുക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യം കണ്ടെത്തുന്നതിനായി കെട്ടിടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കും. നഗരത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും കൃത്യമായ നിരീക്ഷണ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് നേരത്തേ പോലീസ് പദ്ധതി നടപ്പിലാക്കിയത്.
കെട്ടിടങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതു വഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും, കവര്‍ച്ചകളും കുറ്റകൃത്യങ്ങളും തടയാനും, കുറ്റവാളികളെ വേഗത്തില്‍ അറസ്റ്റ് ചെയ്യുന്നതിനും എമിറേറ്റിലുടനീളം സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി.
എല്ലാ സിസിടിവി ക്യാമറകളും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. നല്ല കൃത്യവും വ്യക്തവുമായി ദൃശ്യങ്ങള്‍ നല്‍കുന്ന ഹൈ ഡെഫനിഷന്‍ കാമറകളായിരിക്കണം സ്ഥാപിക്കേണ്ടത്. ഇവ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്നവയായിരിക്കണം.
എല്ലാ ദൃശ്യങ്ങളും ലഭിക്കുന്നതിന് കെട്ടിടങ്ങളുടെ എല്ലാ പ്രവേശന കവാടങ്ങളിലും ലോബിയിലും സ്വീകരണ സ്ഥലങ്ങളിലും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ വ്യക്തമായി രേഖപ്പെടുത്തുന്ന രീതിയില്‍ പാര്‍ക്കിങ് സ്ഥലങ്ങളുടെ കവാടങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കേണ്ടതാണ്.
ചുരുങ്ങിയത് 90 ദിവസത്തെ ദൃശ്യങ്ങളെങ്കിലും സ്റ്റോര്‍ ചെയ്തിരിക്കണം. അംഗീകൃത സ്ഥാപനങ്ങളെ മാത്രമേ ഇവ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കാവൂ എന്നും പോലിസ് അറിയിച്ചു. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കെട്ടിടങ്ങളുടെ പരിസരങ്ങളില്‍ അവ സിസിടിവി നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണം.
കടകള്‍ , സര്‍ക്കാര്‍ വകുപ്പുകള്‍ , പൊതു സ്ഥാപനങ്ങള്‍ , പള്ളികള്‍ , ആശുപത്രികള്‍ , സ്‌കൂളുകള്‍ , ഹോട്ടലുകള്‍ , വിശ്രമ കേന്ദ്രങ്ങള്‍ , ജ്വല്ലറി ഷോപ്പുകള്‍ , വില്ലകള്‍ എന്നിവയിലെല്ലാം കാമറകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല