സ്വന്തം ലേഖകൻ: തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ റോക്കറ്റ് സംഭരണകേന്ദ്രത്തില്‍ വ്യാഴാഴ്ച വ്യോമാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഹിസ്ബുള്ള-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന്റെ പിറ്റേന്നാണ് ആക്രമണം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇരുകൂട്ടരും ആരോപിച്ചു.
തെക്കന്‍മേഖലയിലേക്ക് വാഹനങ്ങളില്‍ മടങ്ങിയെത്തിയവര്‍ക്കുനേരേ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന മര്‍കബയിലാണ് സംഭവം. മടക്കം സംശായസ്പദമായി തോന്നിയതിനാലും ഹിസ്ബുള്ള ഭീകരര്‍ നുഴഞ്ഞുകയറിയതുമാണ് വെടിയുതിര്‍ക്കാന്‍ കാരണമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
കൂടാതെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും ഇസ്രയേല്‍ സൈന്യം വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ രാവിലെ ഏഴ് മണി വരെ ലിറ്റാനി നദിയുടെ തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നത് കര്‍ശനമായി നിരോധിച്ചാണ് ഇസ്രയേല്‍ സൈനിക മേധാവിയുടെ അറബിക് വക്താവ് അവിചയ് അദ്രേയി അറിയിപ്പ് നല്‍കിയത്.
ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഹിസ്ബുള്ള എം.പി. ഹസന്‍ ഫദ്ലള്ള പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതോടെ സ്വന്തം പ്രദേശത്തേക്കു തിരിച്ചുവരുന്നവരെ ഇസ്രയേല്‍ സൈന്യം ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
13 മാസത്തിലേറെയായുള്ള സംഘര്‍ഷത്തിനു വിരാമമിടാന്‍ യു.എസിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ കൊണ്ടുവന്ന 60 ദിന വെടിനിര്‍ത്തല്‍ കരാര്‍ ബുധനാഴ്ചയാണ് നിലവില്‍വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല