![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-12-163924-640x352.png)
സ്വന്തം ലേഖകൻ: ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കില്‍ ഇസ്രായേൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ മുനമ്പിലും പരിസരത്തും സൈന്യത്തിന്റെ എണ്ണം വർധിപ്പിക്കാൻ നെതന്യാഹു ഉത്തരവിട്ടതായി ഒരു ഇസ്രായേൽ സൈനീക ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച ബന്ദികളെ വിട്ടയയ്ക്കുന്നത് നിർത്തലാക്കുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
വെടിനിർത്തൽ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് മൂന്ന് ബന്ദികളെ കൂടി മോചിപ്പിക്കുന്നത് വൈകിപ്പിക്കാൻ ആലോചിക്കുന്നതായി ഹമാസ് ആവർത്തിച്ചു. ശനിയാഴ്ചയ്ക്കകം എല്ലാ ബന്ദികളെയും വിട്ടയക്കണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, താൻ ആവശ്യപ്പെട്ടതുപോലെ ബാക്കിയുള്ള എല്ലാ ബന്ദികളെ ഹമാസ് മോചിപ്പിക്കാൻ സാധ്യതയില്ലെന്ന് ട്രംപ് പ്രതികരിച്ചു.
അതേസമയം ഇസ്രയേലുമായി വെടിനിര്‍ത്തല്‍ ധാരണ തുടരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് പ്രതികരിച്ചു. വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കുന്നത് ഇസ്രയേല്‍ ആണെന്ന് ഹമാസ് ആരോപിച്ചു. ജനുവരി 19ന് വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടം പ്രാബല്യത്തില്‍ വന്നതു മുതല്‍ ബന്ദികളെ ഹമാസ് വിട്ടയച്ചു തുടങ്ങിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണ ഇസ്രയേല്‍ ലംഘിക്കുന്നതായി കാട്ടി ബന്ദികളെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിട്ടയക്കില്ലെന്ന് ഇന്നലെ ഹമാസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല