സ്വന്തം ലേഖകൻ: ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇരുകൂട്ടരും അംഗീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദിന്റെ തലവനും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധിയും ഖത്തര്‍ പ്രധാനമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.
ട്രംപ് അധികാരമേല്‍ക്കും മുമ്പ് വെടിനിര്‍ത്തല്‍ സാധ്യമാക്കാനാണ് ശ്രമിക്കുന്നത്. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കഴിഞ്ഞ ഞായറാഴ്ച ഫോണിലൂടെ സംസാരിച്ചിരുന്നു.
അന്തിമമാക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.33 ബന്ദികളില്‍ ഭൂരിഭാഗവും ജീവിച്ചിരിപ്പുണ്ടെന്നാണ് ഇസ്രായേല്‍ ഭരണകൂടം വ്യക്തമാക്കുന്നത്. 2023 ഒക്ടോബര്‍ 7-ലെ ആക്രമണത്തിനിടെ ഇസ്രായേലില്‍ നിന്ന് പിടികൂടിയ 94 ബന്ദികളില്‍ 34 പേരെങ്കിലും മരിച്ചതായി ഇസ്രായേല്‍ സര്‍ക്കാര്‍ പറയുന്നു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെടിനിര്‍ത്തല്‍ കരാറില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ”ഞങ്ങള്‍ രൂപപ്പെടുത്തിയ കരാര്‍ ബന്ദികളെ മോചിപ്പിക്കാനും യുദ്ധം നിര്‍ത്താനും ഉതകുന്നതാണ്. ഇസ്രായേലിന് സുരക്ഷ നല്‍കുകയും ഗുരുതരമായി ദുരിതമനുഭവിക്കുന്ന പലസ്തീനികള്‍ക്കുള്ള മാനുഷിക സഹായം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളെ അനുവദിക്കുകയും ചെയ്യുമെന്നും ബൈഡന്‍ പറഞ്ഞു.
കരാര്‍ യാഥാര്‍ഥ്യമാകുന്ന സാഹചര്യത്തില്‍” മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടികയെക്കുറിച്ച് ചര്‍ച്ച നടത്താന്‍ താന്‍ ദോഹയിലേക്ക് പോകുകയാണെന്ന് പലസ്തീന്‍ കമ്മീഷന്‍ മേധാവി ഖദുര ഫാരെസ് സിഎന്‍എന്നിനോട് പറഞ്ഞു. 33 ബന്ദികളെ മോചിപ്പിക്കുന്നതാണ് കരാറിന്റെ ആദ്യ ഘട്ടം. യുദ്ധം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള രണ്ടാം ഘട്ടത്തിലെത്താനുള്ള ചര്‍ച്ചകള്‍ കരാര്‍ നടപ്പാക്കുന്നതിന്റെ 16-ാം ദിവസം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഘട്ടം ഘട്ടമായി സൈന്യത്തെ പിന്‍വലിക്കാനാണ് കരാര്‍ നിര്‍ദേശം. ഇതിനോടൊപ്പം ബന്ദികളെ കൈമാറുന്നതും ഘട്ടംഘട്ടമായി നടക്കും. കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ഇസ്രായേലിന്റെയും ഹമാസിന്റെയും ഔദ്യോഗിക പ്രതികരണങ്ങളാണ് ഇനി വരേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല