സ്വന്തം ലേഖകന്‍: സിറിയയില്‍ തിങ്കളാഴ്ച മുതല്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യം തമ്മില്‍ ധാരണയായി. ജനീവയില്‍ 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചക്കു ശേഷമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ഇതു സംബന്ധിച്ച ധാരണയില്‍ എത്തിയത്.
റഷ്യയും അമേരിക്കയും യോജിച്ച് ഐഎസിനെതിരേ സൈനിക നീക്കം നടത്തുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് ധാരണ. സിറിയന്‍ ജനതയുടെ ദുരിതത്തിന് അറുതിവരുത്താനുള്ള നീക്കം ത്വരിതപ്പെടുത്താന്‍ വെടിനിര്‍ത്തല്‍ ഇടയാക്കട്ടെയെന്നു ജോണ്‍ കെറി പ്രത്യാശിച്ചു.
ഇതിനിടെ ശനിയാഴ്ച സിറിയയിലെ ഇഡ്‌ലിബില്‍ നടന്ന വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ യുദ്ധവിമാനങ്ങളാണ് ഇഡ്‌ലിബിലെ തിരക്കേറിയ കമ്പോളത്തില്‍ ആക്രമണം നടത്തിയതെന്നു തദ്ദേശവാസികള്‍ പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ വെടിനിര്‍ത്തലിനുള്ള തീരുമാനം സിറിയയിലെ ബഷാര്‍ അല്‍ അസാദ് ഭരണകൂടം അംഗീകരിച്ചു. സിറിയയില്‍ ഈയിടെ കടന്നാക്രമണം നടത്തിയ തുര്‍ക്കിയും വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്തു.എന്നാല്‍ സിറിയന്‍ വിമതര്‍ ഇക്കാര്യത്തില്‍ ഇനിയും നിലപാടെടുത്തിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല