1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2024

സ്വന്തം ലേഖകൻ: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശവും യുക്രെയ്ന്‍ നടത്തിയ അപ്രതീക്ഷിത തിരിച്ചടിയും മേഖലയെ വീണ്ടും യുദ്ധ കലുഷികമാക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യ യൂറോപ്യന്‍ പര്യടനത്തിന് പ്രാധാന്യം വര്‍ധിക്കുന്നു. ഇന്ന് യുക്രെയ്‌നില്‍ എത്തിയ പ്രധാനമന്ത്രി മോദി യുക്രെയ്ന്‍ പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയും തുടര്‍ന്നുണ്ടായ പ്രതികരണവുമാണ് ഇപ്പോള്‍ ആഗോള മാധ്യമങ്ങളില്‍ തലക്കെട്ടാകുന്നത്. യുക്രെയ്‌നില്‍ സമാധാനം കൊണ്ടുവരാന്‍ ഒരു സുഹൃത്ത് എന്ന നിലയില്‍ താന്‍ ഇടപെടാമെന്നാണ് നരേന്ദ്ര മോദി സെലന്‍സ്‌കിയ്ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം. വലിയ പ്രാധാന്യത്തോടെയാണ് മോദിയുടെ വാഗ്ദാനം അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയെ ‘സൗഹാര്‍ദ്ദപരവും, ചരിത്രപരവും’ എന്നാണ് മോദി വിശേഷിപ്പിച്ചിരിക്കുന്നത്. റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. ഇതിനായി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ക്ക് തയ്യാറാകണം. രാജ്യങ്ങളുടെ പരമാധികാരത്തെ ഇന്ത്യ എക്കാലവും ബഹുമാനിക്കാറുണ്ട്. ഇതേ വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ചര്‍ച്ചകളിലൂടെ മാത്രമേ നിലവിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയൂ, എന്നും മോദി ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ നടത്തിയ മോസ്‌കോ സന്ദര്‍ശത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി മോദി നടത്തിയ കൂടിക്കാഴ്ചയെ രൂക്ഷമായ ഭാഷയിലായിരുന്നു സെലന്‍സ്‌കി വിമര്‍ശിച്ചത്. ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവന്‍ ലോകം കണ്ട ഏറ്റവും വലിയ കുറ്റവാളിയെ ആലിംഗനം ചെയ്യുന്ന നിരാശ നിറഞ്ഞ കാഴ്ച’ എന്നായിരുന്നു പുടിനെ ആലിംഗനം ചെയ്ത മോദിയുടെ നടപടിയെ സെലന്‍സ്‌കി വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ മോദി യുക്രെയ്‌നില്‍ എത്തുമ്പോള്‍ സെലന്‍സ്‌കിയും പാശ്ചാത്യ രാജ്യങ്ങളും ഏറെ കരുതലോടെയാണ് സന്ദര്‍ശനത്തെ കാണുന്നത്.

ഇവിടെയാണ്, മോദിയുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ‘ഇന്ത്യ ഒരിക്കലും നിഷ്പക്ഷമായിരുന്നില്ല, ഞങ്ങള്‍ എപ്പോഴും സമാധാനത്തിന്റെ പക്ഷത്തായിരുന്നു…’ എന്ന് യുക്രെയ്ന്‍ വിഷയത്തില്‍ നരേന്ദ്രമോദി സെലന്‍സ്‌കിയെ അറിയിക്കുമ്പോള്‍ കാലങ്ങളായി ഇന്ത്യ തുടരുന്ന നയങ്ങള്‍ തുടരുമെന്ന സൂചനകൂടിയാണ് നല്‍കുന്നത് എന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

മധ്യ യൂറോപ്യന്‍ മേഖലയില്‍ പ്രതിസന്ധി ശക്തമാക്കുന്ന റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാന്‍ ആഗോള തലത്തില്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെ യുക്രെയ്ന് വീണ്ടും സൈനിക പാക്കേജുമായി അമേരിക്ക. യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് അമേരിക്ക സൈനിക സഹായം പ്രഖ്യാപിച്ചത്. 1.25 കോടി ഡോളറിൻ്റെ സഹായമാണ് അമേരിക്ക വാഗ്ദാനം ചെയ്തത്. യുദ്ധമുഖത്ത് റഷ്യൻ ഭൂപ്രദേശങ്ങളിലേക്ക് കടന്നു കയറി യുക്രെയ്ൻ അത്ഭുതകരമായ മുന്നേറ്റം നടത്തുന്നതിടെയാണ് യുഎസിന്റെ സഹായം എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.