സ്വന്തം ലേഖകൻ: ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ ഇറാനില്‍നിന്നു ലഭിക്കുന്നത് സമ്മിശ്ര വികാരമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍. പ്രസിഡന്റിന്റെ അകാലമരണത്തില്‍ രാജ്യത്തെ ജനം ദുഃഖാര്‍ത്തരായിരിക്കുന്ന സമയത്ത് ഒരുവിഭാഗം പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന കാഴ്ചയും കാണാനാകുന്നുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതു വ്യക്തമാക്കുന്ന ചില വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. കടുത്ത യാഥാസ്ഥിതിക ഭരണാധികാരിയെന്ന നിലയിലും പരമോന്നത നേതാവ് ഖമനെയ്യിയുടെ ആജ്ഞ അതേപടി നടപ്പാക്കുന്നയാളെന്നുമുള്ള കുപ്രസിദ്ധി അവശേഷിപ്പിച്ചാണ് ഇബ്രാഹിം റെയ്സി വിടപറയുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറാനില്‍നിന്നു കേള്‍ക്കുന്നത് അടിച്ചമര്‍ത്തലുകളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും നടുക്കുന്ന വിവരങ്ങളാണ്. ഇതിനു ചുക്കാന്‍ പിടിച്ചതാകട്ടെ മതനേതാവില്‍നിന്ന് രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ഇബ്രാഹിം റെയ്സിയും.
അതിനാല്‍ത്തന്നെ, നേതാവിന്റെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നിരവധി ഇറേനിയന്‍ പൗരന്മാരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുള്ളത്. ഇതിലേറെയും സ്ത്രീകളാണ്. ഇതില്‍ മെര്സെദ് ഷാഹിന്കര്, സിമ മൊറാദ്ബെയ്ജി എന്നിവര്‍ ചിരിച്ചുകൊണ്ട് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
2022 സെപ്റ്റംബറില്‍ തട്ടമിടാതെ നടന്നതിന് മഹ്സ അമിനി എന്ന പെണ്‍കുട്ടിയെ മതപോലീസ് അറസ്റ്റ് ചെയ്തു ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിനെത്തുടര്ന്നുള്ള ജനകീയ പ്രതിഷേധത്തില്‍ സൈന്യത്തിന്റെ വെടിയേറ്റ് കാഴ്ചശക്തി നഷ്ടപ്പെട്ടയാളാണു മെര്സെദ് . സിമ മൊറാദ് ബെയ്ജിക്കാകട്ടെ സൈന്യത്തിന്റെ വെടിവയ്പില്‍ ഇടതുകൈ നഷ്ടമായി.
ഇറാന്-ഇറാക്ക് യുദ്ധത്തിലെ ആയിരക്കണക്കിന് രാഷ്ട്രീയത്തടവുകാരെ വധശിക്ഷയ്ക്കു വിധിക്കാന്‍ കൂട്ടുനിന്ന പ്രമുഖനെന്ന നിലയില്‍ ബുച്ചര്‍ ഓഫ് ടെഹ്റാന് (ടെഹ്റാനിലെ കശാപ്പുകാരന്) എന്ന ദുഷ്പേരും റെയ്സിക്കുണ്ടായിരുന്നു. റെയ്സിയുടെ കടുത്ത നിലപാട് മൂലം 5000ത്തോളം പേര് വധശിക്ഷയ്ക്കു വിധേയരാക്കപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ മൃതദേഹം അജ്ഞാതകേന്ദ്രങ്ങളില്‍ സംസ്കരിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കടുത്ത യാഥാസ്ഥിതികനായ ഇബ്രാഹിം റെയ്സി 2022ല്‍ അധികാരമേറ്റയുടന്‍ ഹിജാബ്, സ്ത്രീകളുടെ പവിത്രത തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ക്കശമാക്കി. ഇതു സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെടുന്നതിലേക്കു വഴിവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല