സ്വന്തം ലേഖകൻ: ഖത്തർ ദേശീയ ദിനത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും ദേശീയ ദിനാശംസകൾ നേർന്നു. നന്മയും സന്തോഷവും ലഭിക്കാനും ഖത്തറിനും അതിലെ ജനങ്ങൾക്കും സമാധാനവും സന്തോഷവും സമൃദ്ധിയും നൽകുന്നത് തുടരാനും ദൈവത്തോട് പ്രാർഥിക്കുന്നതായും അമീർ ദേശീയ സന്ദേശത്തിൽ പറഞ്ഞു.
രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെയും മുന്നേറ്റങ്ങളുടെയും നേട്ടങ്ങളുടെയും ചരിത്രം പറഞ്ഞു കൊണ്ടാണ് ഖത്തർ ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്റെ പാരമ്പര്യവും അഭിമാനവും മുറുകെ പിടിച്ചും അന്തർദേശീയ തലത്തിലെ മികവുകൾ വിളംബരം ചെയ്തും മറ്റൊരു ഡിസംബർ 18നെ ഹൃദ്യമായി വരവേൽക്കുകയാണ് ഖത്തറിലെ സ്വദേശികളും വിദേശികളും.
എല്ലാവർഷവും അതിരാവിലെ ദോഹ കോർണിഷിൽ നടന്നുവരാറുള്ള ദേശീയ ദിന പരേഡ് ഇത്തവണ ഒഴിവാക്കിയെങ്കിലും ആഘോഷ പൊലിമ കുറയുന്നില്ല. വീടുകളും വാഹനങ്ങളും ഒഫിസുകളും വ്യാപാര സ്ഥാപനങ്ങളുമല്ലാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പതാകകൾ കൊണ്ടും മറ്റും അലങ്കരിച്ചിട്ടുണ്ട്. സ്കൂളുകളും നഗരവീഥികളും പൊതു ഇടങ്ങളും പാർക്കുകളുമെല്ലാം അലങ്കാരങ്ങളോടെയാണ് ദേശീയ ദിനത്തെ വരവേൽക്കുന്നത്.
ഡിസംബർ 10ന് തുടക്കം കുറിച്ച ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സാഇയിലെ ആഘോഷമാണ് ഈ വർഷത്തെ ഏറെ ശ്രദ്ധേയമായ ദേശീയപരിപാടി. ദിവസങ്ങളായി ആയിരക്കണക്കിന് ആളുകളാണ് ദർബ് അൽ സാഇയിൽ എത്തുന്നത്. ഇന്ന് രാവിലെ മുതൽ തന്നെ നിരവധി ആളുകൾ ദർബ് അൽ സാഇയിൽ എത്തിക്കഴിഞ്ഞു.
ഖത്തറിന്റെ സാംസ്കാരിക തലസ്ഥാനം കൂടിയായ കതാറയിൽ വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ ആണ് നടക്കുന്നത്. ഇന്നലെ രാത്രി മുതൽ തന്നെ നിരവധി ആളുകൾ കത്താറായിയിലെത്തി. പരമ്പരാഗത കലാ പ്രകടനങ്ങളും കരകൗശല പ്രദർശനങ്ങളും കുട്ടികൾക്കും
കുടുംബങ്ങൾക്കുമായുള്ള മത്സരങ്ങളും കത്താറായിൽ നടക്കുന്നുണ്ട്. റാസ് അബൂ അബൂദിലെ 974 ബീച്ചിൽ രാവിലെ മുതൽ തന്നെ ആഘോഷ പരിപാടികൾ ആരംഭിച്ചുകഴിഞ്ഞു. തണുത്ത കാലാവസ്ഥയാണെങ്കിലും നിരവധി പേർ 974 ബീച്ചിൽ എത്തിയിട്ടുണ്ട്.
ഇതിന് പുറമെ ഓൾഡ് ദോഹ പോർട്ട്, മുശൈരിബ് ഡൗൺടൗൺ, ലുസൈൽ ബൊളെവാഡ് എന്നിവിടങ്ങളിൽ വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ ആഘോഷ പരിപാടികൾ നടക്കും.
ദേശീയ ദിനം പ്രമാണിച്ച് ഷോപ്പിങ് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ദേശീയ ദിനത്തിന്റെ ഓഫറുകൾ പ്രഖ്യാപിച്ചും വ്യാപാരം പൊടിപൊടിക്കുകയാണ്. ദേശീയ ദിനം പ്രാമണിച്ച് രണ്ടു ദിവസമാണ് ഖത്തറിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിലെ അവധിയും വാരാന്ത്യ അവധിയും കഴിഞ്ഞ് ഞായറാഴ്ചയാവും അടുത്ത പ്രവൃത്തി ദിനം.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളും വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഓൺലൈൻ മത്സരങ്ങളും കലാസാംസ്കാരിക പരിപാടികളും ഇനിയുള്ള മൂന്നു ദിവസങ്ങളിലായി വിവിധ പ്രവാസി സംഘടനകളിൽ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല