സ്വന്തം ലേഖകന്‍: വ്യാജ വാഗ്ദാനം നല്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങളും ഇനി അഴിയെണ്ണും, പുതിയ ഉപഭോക്തൃ നിയമം വരുന്നു. അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം രൂപ പിഴയുമാണ് ഇത്തരം തട്ടിപ്പു പരസ്യങ്ങളില്‍ മോഡലായി എത്തുന്ന താരങ്ങള്‍ക്കെതിരെ ചുമത്തുക.
ആദ്യ വട്ടം കേസില്‍ പെട്ടാല്‍ രണ്ടു വര്‍ഷം തടവും 10 ലക്ഷവുമാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ അത് അഞ്ചു വര്‍ഷം തടവും 50 ലക്ഷം പിഴയുമാകും. വ്യാജ വാഗ്ദാനങ്ങള്‍ നല്കുന്ന പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന താരങ്ങളും അവറ്റയുടെ നിര്‍മ്മാതാക്കളെയും വിതരണക്കാരെയും പോലെ തന്നെ കുറ്റക്കാരാണെന്നാണ് പാര്‍ലിമെന്ററി സമിതിയുടെ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.
നേരത്തേ ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ച് വെളുത്തില്ലെന്ന് കാട്ടി പരസ്യത്തിലെ മോഡല്‍ സൂപ്പര്‍താരം മമ്മൂട്ടിക്കെതിരേ ഒരാള്‍ കേസുമായി രംഗത്തെത്തിയിരുന്നു. പുതിയ ശുപാര്‍ശ നടപ്പിലായാല്‍ സമാനഗതിയിലുള്ള പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ മമ്മൂട്ടി പുലിവാലു പിടിക്കും.
മുടി വളരുമെന്നും തടി കുറക്കുമെന്നും വെളുപ്പിക്കുമെന്നും ബുദ്ധി വര്‍ദ്ധിപ്പിക്കുമെന്നും വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളില്‍ ചാടിക്കയറി അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ക്കാണ് പുതിയ നിയമം തിരിച്ചടിയാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല