![](https://www.nrimalayalee.com/wp-content/uploads/2023/05/Central-Bank-Qatar-Mobile-Payments-Faster-Money-Transfers.png)
സ്വന്തം ലേഖകൻ: ഏറ്റവും വേഗത്തിൽ ഡിജിറ്റൽ വാലറ്റിലൂടെ പണമിടപാട് പൂർത്തിയാക്കാൻ ഖത്തർ മൊബൈൽ പേമെന്റ് (ക്യൂ.എം.പി) അവതരിപ്പിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. രാജ്യത്തെ വിവിധ ബാങ്കുകളെ ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കുന്ന ക്യൂ.എം.പിയിലൂടെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഡിജിറ്റൽ പണമിടപാട് പൂർത്തിയാക്കാവുന്നതാണ് സംവിധാനം.
രജിസ്റ്റർചെയ്ത മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചാണ് ആപ്പിന്റെ പ്രവർത്തനം. സ്വദേശികൾക്കും താമസക്കാർക്കും ക്യൂ.എം.പി വാലറ്റ് സേവനം ഉപയോഗിച്ച് മറ്റു വ്യക്തികളിലേക്കും ഷോപ്പിങ്ങിനും ബാങ്ക് ഇടപാടും നടത്താൻ കഴിയും. എ.ടി.എം കാർഡോ കറൻസിയോ മറ്റു ഇടപാടുകളോ ഇല്ലാതെ നേരിട്ട് പണമിടപാട് നടത്താൻ ഈ സംവിധാനം ഉപയോഗിച്ച് കഴിയും.
ബാങ്കുകളിൽ രജിസ്റ്റർചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് അതത് ബാങ്കുകൾ നൽകുന്ന ആപ്പ് വഴിയാണ് ഡിജിറ്റൽ വാലറ്റ് രജിസ്റ്റർ ചെയ്യേണ്ടത്. തുടർന്ന് വാലറ്റിലേക്ക് പണം മാറ്റിയ ശേഷം അതിവേഗത്തിൽതന്നെ ഉപയോഗിക്കാം. മൊബൈൽ നമ്പർ നൽകിയോ കടകൾ, സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരുടെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ പണം അയക്കാം.
മിനിമം ബാലൻസില്ലാതെ തന്നെ ഡിജിറ്റൽ വാലറ്റ് തയാറാക്കാം. കുറഞ്ഞ കമീഷൻ നിരക്ക് മാത്രമായിരിക്കും ബാങ്കുകൾ ഈടാക്കുന്നത്. വിവിധ ബാങ്കുകൾ തങ്ങളുടെ ഡിജിറ്റൽ വാലറ്റുകൾ ആപ്പിനൊപ്പംതന്നെ തയാറാക്കിയിട്ടുണ്ട്.
ക്യൂ.ഐ.ഐ.ബി, ദോഹ ബാങ്ക്, ക്യൂ.എൻ.ബി, അഹ്ലി ബാങ്ക്, എച്ച്.എസ്.ബി.സി, ദുഖാൻ ബാങ്ക്, ക്യൂ.ഐ.ബി, കമേഴ്സ്യൽ ബാങ്ക്, മസ്റഫ് അൽ റയാൻ, അറബ് ബാങ്ക്, ഐ പേ ഇ വാലറ്റ് എന്നിവ ഉപയോഗിച്ച് വാലറ്റ് രജിസ്റ്റർ ചെയ്ത് മൊബൈൽ പേമെന്റ് നടത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല