1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2024

സ്വന്തം ലേഖകൻ: ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അറ്റസ്റ്റേഷന് ഇനി ഓഫീസുകള്‍ കയറി ഇറങ്ങുകയോ ഏറെ നാള്‍ കാത്തിരിക്കുകയോ വേണ്ട. അറ്റസ്‌റ്റേഷന്‍ പ്രക്രിയ കൂടുതല്‍ സുതാര്യവും ലളിതവും ആക്കുന്നതിനായി ഖത്തര്‍ അധികൃതര്‍ പുതിയ ഇലക്ട്രോണിക് അറ്റസ്‌റ്റേഷന്‍ സംവിധാനം ആരംഭിച്ചതോടെയാണിത്. വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റ് വഴിയാണ് പുതിയ ഇലക്ട്രോണിക് ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭിക്കുക.

ഇന്നലെ ഞായറാഴ്ച മുതലാണ് പുതിയ സംവിധാനം ആരംഭിച്ചത്. ആഭ്യന്തര മന്ത്രാലയം നല്‍കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെയും സര്‍ക്കാര്‍ സ്‌കൂളുകള്‍ നല്‍കുന്ന വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ ഇതു വഴി സാധ്യമാവും. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രാമാണീകരിച്ച രേഖകളാണ് ഓണ്‍ലൈന്‍ വഴി അറ്റസ്റ്റ് ചെയ്യുക.

പുതിയ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നയതന്ത്ര മേഖലയില്‍ സ്ഥിതി ചെയ്യുന്ന കോണ്‍സുലര്‍ കാര്യ വകുപ്പിലെ അറ്റസ്റ്റേഷന്‍ വിഭാഗം ഓഫീസോ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളോ സന്ദര്‍ശിക്കാതെ തന്നെ രേഖകള്‍ അറ്റസ്റ്റ് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍ കാര്യ വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സുബായീ പറഞ്ഞു. എന്നു മാത്രമല്ല, ഓഫീസ് സമയത്തിന്റെ നിയന്ത്രണം ബാധകമല്ലാത്തതിലനാല്‍ 24 മണിക്കൂറും ഈ സേവനം ഇനി മുതല്‍ ലഭ്യമാവുമെന്നും അദ്ദേഹം അറിയിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് പുതിയ ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സംവിധാനം ലഭ്യമാവുക. സേവനത്തിനായി അപേക്ഷിക്കുന്നതിന് നാഷണല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ഒരു മിനുട്ട് കൊണ്ട് അപേക്ഷിക്കാവുന്ന രീതിയില്‍ ലളിതമായ സംവിധാനമാണ് അറ്റസ്റ്റ് ചെയ്ത രേഖ ലഭിക്കുന്നതിനായി ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ ഗുണഭോക്താക്കളെ അനുവദിക്കുന്ന മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമായ നിരവധി സേവനങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. രേഖകള്‍ സ്വീകരിക്കുന്നതും കൈമാറുന്നതും ഖത്തര്‍ പോസ്റ്റിന്റെയും ഗവണ്‍മെന്റ് കോണ്‍ടാക്റ്റ് സെന്ററിന്റെയും (109) സഹകരണത്തോടെയായിരിക്കും. ഇലക്ട്രോണിക് സേവനങ്ങളുമായി ബന്ധപ്പെട്ട കസ്റ്റമര്‍ സര്‍വീസ് സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും ഒമ്പത് ഭാഷകളിലായി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനും സുഗമമാക്കാനുമുള്ള താല്‍പ്പര്യം പരിഗണിച്ച് മന്ത്രാലയത്തിന്റെ https://mofa.gov.qa/ എന്ന വെബ്സൈറ്റില്‍ കൂടുതല്‍ ഇലക്ട്രോണിക് സേവനങ്ങള്‍ വരും കാലയളവില്‍ ചേര്‍ക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ നഈമി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.