1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2024

സ്വന്തം ലേഖകൻ: ഹൈസ്‌കൂളിനെക്കാള്‍ ഉയര്‍ന്ന അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാത്ത അധ്യാപകരുടെ ശമ്പളം തടഞ്ഞു വെക്കുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ രേഖകൾ സമർപ്പിക്കാത്ത ജീവനക്കാര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം ഒരാഴ്ചത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നു.

18,000 ജീവനക്കാര്‍ ഇതിനകം മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും സാഹില്‍ ആപ്ലിക്കേഷന്‍ വഴിയും തങ്ങളുടെ അക്കാദമിക് യോഗ്യതകള്‍ അപ്ലോഡ് ചെയ്തതായി മുതിര്‍ന്ന വിദ്യാഭ്യാസ വൃത്തങ്ങള്‍ അറിയിച്ചു. എന്നിരുന്നാലും, 19,000 ജീവനക്കാര്‍ ഇനിയും അവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ ബാക്കിയുണ്ട്. ഈ ഗ്രേസ് പിരീഡില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം അതിന്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തില്‍ മുന്നറിയിപ്പ് നൽകി.

അതിനിടെ, അധ്യാപകര്‍ക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ക്കും ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷവും സ്‌കൂളില്‍ തുടരാന്‍ അനുമതി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊതുവിദ്യാഭ്യാസ കാര്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഹെസ്സ അല്‍ മുതവ അറിയിച്ചു. സ്കൂളുകളുടെ ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന്റെ സാന്നിധ്യം പാടില്ലെന്ന് നേരത്തെ മന്ത്രാലയം സർക്കുലർ ഇറക്കിയിരുന്നു.

ഈ തീരുമാനം സ്കൂളുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചതായി കുവൈത്ത് ടീച്ചേഴ്സ് സൊസൈറ്റി പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് തീരുമാനം മാറ്റിക്കൊണ്ട് മന്ത്രാലയം ഉത്തരവിട്ടത്. പരീക്ഷകൾ നടത്തുന്നതിനും പരീക്ഷകളുടെയും മറ്റും മൂല്യനിർണയം നടത്തുന്നതിനും ബന്ധപ്പെട്ടവരുടെ അനുമതിയോടെ ജീവനക്കാർ പ്രവൃത്തി സമയത്തിന് ശേഷവും സ്കൂളുകളിൽ തുടരുന്നതിൽ തടസ്സമില്ലെന്ന് അദ്ദേഹം അറിയിച്ചു. അല്‍ മുതവയുടെ അനുകൂല തീരുമാനത്തെ സൊസൈറ്റി ചെയര്‍മാന്‍ ഹമദ് അല്‍ ഹൂലിംഹാസ് അഭിനന്ദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.