1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2024

സ്വന്തം ലേഖകൻ: കുവൈത്ത് യൂണിവേഴ്‌സിറ്റികളിലെ പ്രവാസി ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധ തുടങ്ങി. കുവൈത്ത് ഇതര ജീവനക്കാരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അവയുടെ പ്രാമാണികത ഉറപ്പുവരുത്തണമെന്ന കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്റെ (സിഎസ്സി) ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നാം തീയതിയാണ് സിഎസ് സി അണ്ടര്‍സെക്രട്ടറി ദിയാ അല്‍ ഖബന്ദി ഇതുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘പ്രധാനവും അടിയന്തിരവും’ എന്ന് രേഖപ്പെടുത്തിയ സര്‍ക്കുലര്‍ എല്ലാ മേഖലകളിലെയും യൂനിവേഴ്‌സിറ്റിക്ക് ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗഗമായി അവ അധികൃതര്‍ക്കു മുമ്പാകെ സമര്‍പ്പിക്കാന്‍ കുവൈത്ത് ഇതര ജീവനക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കുലര്‍ സിഎസ്സിയിലെ എല്ലാ മേഖലകളിലെയും ഡയറക്ടര്‍മാര്‍ക്കും യൂണിവേഴ്‌സിറ്റി മേധാവികള്‍ക്കും ലഭഭിച്ചതായും മാധ്യമങ്ങള്‍ അറിയിച്ചു. നിശ്ചത തീയതിക്കകം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാത്ത ജീവനക്കാര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

കുവൈത്തിലെ സ്‌കൂളുകളിലെയും കോളേജുകളിലെയും പ്രവാസി ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ പുരോഗമിക്കുന്നതിനിടയിലാണ് സര്‍വകലാശാല ജീവനക്കാരുടെയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 2000 ജനുവരി ഒന്നിന് ശേഷം മന്ത്രാലയത്തിനു കീഴിലെ അധ്യാപകര്‍ ഉള്‍പ്പെടെ നേടിയ വിദ്യാഭ്യാസ യോഗ്യതകളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളാണ് നിലവില്‍ പരിശോധിച്ചുവരുന്നത്.

പരിശോധനയ്ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. വിദേശ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ സംശയം തോന്നുന്നവ ബന്ധപ്പെട്ട എംബസികളോ കോണ്‍സുലേറ്റുകളോ വഴി അതത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവയുടെ ആധികാരികത ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളാണ് മന്ത്രാലയം ഇതിന്റെ ഭാഗമായി സ്വീകരിക്കുന്നത്.

അതിനിടെ, പരിശോധനയില്‍ വ്യാജമെന്ന് കണ്ടെത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിയും ശമ്പള വര്‍ധനവും ഉയര്‍ന്ന തസ്തികകളും മറ്റും നേടിയവര്‍ക്കെതിരേ വിദ്യാഭ്യാസ മന്ത്രാലയം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി സമ്പാദിച്ച ജോലിയില്‍ നിന്നും പിരിച്ചുവിടുകയോ അനര്‍ഹമായി വാങ്ങിയ ശമ്പളം തിരിച്ചടിപ്പിക്കുകയോ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് നേടിയ സ്ഥാനക്കയറ്റും റദ്ദാക്കുകയോ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് ഇവര്‍ക്കെതിരേ കൈക്കൊള്ളുന്നത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയത്തിന്റെ ഈ പരിപാടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.