1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2024

സ്വന്തം ലേഖകൻ: സൗദിയിലെ വാണിജ്യ- വ്യാപാര സ്ഥാപനങ്ങളുടെ അകത്ത് ഇനി മുതല്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും പ്രദര്‍ശിപ്പിക്കേണ്ട ആവശ്യമില്ല. പകരം ഈ വിവരങ്ങളൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ക്യുആര്‍ കോഡ് മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയാവും. നിലവില്‍ സ്ഥാപനത്തിന്റെ വാണിജ്യ രജിസ്ട്രേഷന്‍, മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള അനുമതികള്‍, ടാക്സ്, സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നല്‍കുന്ന അനുമതികള്‍ തുടങ്ങിയവ ആളുകള്‍ക്ക് കാണാവുന്ന വിധം വാണിജ്യ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം.

എന്നാല്‍ ഇവയെല്ലാം ഒരു ക്യൂആര്‍ കോഡില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ സംവിധാനത്തിന് രൂപം നല്‍കിയിരിക്കുകയാണ് സൗദി വാണിജ്യ മന്ത്രാലയം.
വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏകീകൃത ഇലക്ട്രോണിക് കോഡിലേക്ക് മാറ്റിക്കൊണ്ടുള്ള സംവധാനം വാണിജ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് അബ്ദുല്‍റഹ്മാന്‍ അല്‍ ഹുസൈനാണ് പ്രഖ്യാപിച്ചത്.

ഈ ക്യൂആര്‍ കോഡില്‍ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ അനുമതി രേഖകളും വിവരങ്ങളും ഇലക്ട്രോണിക് രീതിയില്‍ വിശ്വസനീയമായ രീതിയില്‍ ഏകീകരിക്കുകയും സൗദി ബിസിനസ് സെന്‍ററിന്‍റെ ബിസിനസ് പ്ലാറ്റ്ഫോം വഴി നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിന്‍റെ ഈ ഏകീകൃത ക്യൂആര്‍ കോഡ് സംവിധാനം ഉപയോഗിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങള്‍ പ്രത്യേക ഫീസോ മറ്റോ നല്‍കേണ്ടതില്ലെന്നും സൗജന്യമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

വാണിജ്യ രജിസ്ട്രി ഡാറ്റ, മുനിസിപ്പല്‍ ലൈസന്‍സുകള്‍, ടാക്‌സ് സര്‍ട്ടിഫിക്കറ്റുകള്‍, സിവില്‍ ഡിഫന്‍സ് പെര്‍മിറ്റുകള്‍, മറ്റ് ഡോക്യുമെന്‍റുകള്‍, ലൈസന്‍സുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സുകളും രേഖകളും ഏകീകൃത ഇലക്ട്രോണിക് കോഡ് (ക്യുആര്‍-കോഡ്) വഴി സംയോജിപ്പിച്ച് ഒരൊറ്റ രേഖയായി പ്രദര്‍ശിപ്പിക്കുന്നതിനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

വ്യാപാര സ്ഥാപനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്കും പരിശോധനാ സംഘങ്ങള്‍ക്കും അറിയാന്‍ ഈ ക്യുആര്‍ കോഡ് മൊബൈലില്‍ സ്‌കാന്‍ ചെയ്താല്‍ മതിയാവും. പഴക്കം ചെന്ന രേഖകളും സര്‍ട്ടിഫിക്കറ്റുകളും മറ്റും സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന്‍റെ വൃത്തികേട് ഒഴിവാക്കാനും ഇതുവഴി സാധിക്കും.

ഏകീകൃത ഇലക്ട്രോണിക് കോഡ് സേവനം ഡാറ്റയുടെ കൃത്യത ഉറപ്പാക്കുകയും സ്ഥാപനത്തിന്റെ രേഖകളിലേക്കും സര്‍ട്ടിഫിക്കറ്റുകളിലേക്കും ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് പ്രവേശനം അനുവദിച്ചുകൊണ്ട് ബിസിനസ്സ് മേഖലയുടെ സുതാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.