സ്വന്തം ലേഖകന്‍: ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കള്ളമാരെ സിനിമയെ വെല്ലുന്ന ശൈലിയില്‍ കുടുക്കിയ എസ്‌ഐയും നാട്ടുകാരും താരമാകുന്നു. തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ കെ.ടി സന്ദീപാണ് അതിസാഹസികമായി കള്ളന്മാരെ കുടുക്കിയത്.
പോലീസും നാട്ടുകാരും ചേര്‍ന്ന് സിനിമ സ്‌റ്റൈലില്‍ പിന്തുടര്‍ന്നാണ് കള്ളന്മാരായ കായംകുളം പത്തിയൂര്‍ വെളുത്തറ വടക്കതില്‍ നാദിര്‍ഷ (18), പത്തിയൂര്‍ പാലറയ്ക്കല്‍ അജോയ് (20) എന്നിവരെ പിടികൂടിയത്. ഇവരെ പിന്തുടരുന്നതിനിടെ എസ്.ഐ കെ.ടി സന്ദീപ് യാത്രചെയ്ത ജീപ്പ് മരത്തിലിടിച്ച ജീപ്പിന്റെ മുന്‍ഭാഗം തകരുകയും എസ്.ഐക്കും ഡ്രൈവര്‍ ബാബുവിനും നിസാര പരിക്കേല്‍ക്കുകയും ചെയ്തു.
രണ്ട് പോലീസ് ജീപ്പുകളും നിരവധി ബൈക്കുകളും സ്വകാര്യ വാഹനങ്ങളും നാട്ടുവഴികളിലൂടെ ചീറിപ്പാഞ്ഞ് നടത്തിയ ഓപ്പറേഷന്‍ രണ്ട് മണിക്കൂറോളം നീണ്ടു. ഒടുവില്‍ ബൈക്ക് ഉപേക്ഷിച്ച് കടന്ന മോഷ്ടാക്കള്‍ പുഴയുടെ തീരത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചെങ്കിലും പിടിയിലായി. മോഷ്ടാക്കളില്‍ ഒരാളുടെ പോക്കറ്റില്‍നിന്ന് രണ്ടര പവന്‍ തൂക്കം വരുന്ന തൊണ്ടിമുതല്‍ കണ്ടെടുത്തു.
തൃക്കുന്നപ്പുഴ പപ്പന്‍മുക്ക് സ്വദേശിനി കൈരളിയുടെ രണ്ടര പവന്റെ മാല പൊട്ടിച്ചാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. മോഷണ വിവരമറിഞ്ഞ് തൃക്കുന്നപ്പുഴ പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചിലിനിറങ്ങുകയായിരുന്നു. സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ ഇരുചക്ര വാഹനങ്ങളില്‍ പോലീസിനൊപ്പം റോന്തുചുറ്റി.
നാട്ടുകാരുടെ പൂര്‍ണ സഹകരണം ലഭിച്ചതിനാലാണ് കള്ളന്മാര്‍ കുടുങ്ങിയതെന്ന് എസ്.ഐ കെ.ടി സന്ദീപ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല