തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാ കടലില്‍വെച്ച് ജൂലായ് അവസാനം ഇന്ത്യന്‍ നാവികസേനയുടെ കപ്പലും ചൈനയുടെ യുദ്ധക്കപ്പലും ഏറ്റുമുട്ടിയെന്ന് ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് പത്രം റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യം നിഷേധിച്ചു.
ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ്. ഐരാവത് യുദ്ധക്കപ്പലിനെ ചൈനയുടെ കപ്പല്‍ തടഞ്ഞെന്നാണ് റിപ്പോര്‍ട്ട്. കരയിലും കടലിലും ആക്രമണശേഷിയുള്ള ഇന്ത്യന്‍ നാവികകപ്പലാണ് ഐ.എന്‍.എസ്. ഐരാവത്. വിയറ്റ്‌നാം തുറമുഖത്തുനിന്ന് മടങ്ങുകയായിരുന്ന ഇന്ത്യന്‍കപ്പലിലുണ്ടായിരുന്നവരെ ചൈനയുടെ യുദ്ധക്കപ്പലിലുണ്ടായിരുന്നവര്‍ ചോദ്യംചെയെ്തന്നും മേഖലയിലെ സാന്നിധ്യത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ കപ്പല്‍ അന്താരാഷ്ട്ര കടലിലായിരുന്നെന്നും പത്രം സ്ഥിരീകരിക്കുന്നുണ്ട്.
എന്നാല്‍ ജൂലായ് 19 മുതല്‍ 28വരെ യുദ്ധക്കപ്പല്‍ വിയറ്റ്‌നാം സന്ദര്‍ശിച്ചിരുന്നെന്നും ചൈനയുടെ കപ്പല്‍ ഇന്ത്യന്‍ കപ്പലിനെ വെല്ലുവിളിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ജൂലായ് 22 ന് വിയറ്റ്‌നാം തുറമുഖമായ നാ ട്രാംഗില്‍നിന്ന് ഹായി ഫോങ്ങിലേക്ക് പുറപ്പെട്ട ഇന്ത്യന്‍കപ്പലിന് മാര്‍ഗമധ്യേ ഒരു റേഡിയോ സന്ദേശം ലഭിച്ചു. നിങ്ങള്‍ ചൈനീസ് കടലില്‍ പ്രവേശിക്കുകയാണെന്നായിരുന്നു ചൈനീസ് നാവിക സേനാംഗമാണെന്നു പരിചയപ്പെടുത്തിയ ആളുടെ സന്ദേശം. എന്നാല്‍ ഐ.എന്‍.എസ്. ഐരാവതില്‍നിന്ന് നിരീക്ഷിച്ചപ്പോള്‍ ഒരു കപ്പലും കാണാനായില്ലെന്നും നിശ്ചയിച്ചപ്രകാരം കപ്പല്‍യാത്ര പൂര്‍ത്തിയാക്കിയെന്നും ചൈനീസ് ഭാഗത്തുനിന്ന് മറ്റൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് വിയറ്റ്‌നാം വിദേശകാര്യമന്ത്രാലയവും അറിയിച്ചു. ചൈനീസ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ ഇന്ത്യന്‍അതിര്‍ത്തിയില്‍ ആണവശേഷിയുള്ള മിസൈലുകള്‍ വിന്യസിക്കാന്‍ ചൈന തയ്യാറെടുക്കുന്നുണ്ടെന്ന യു.എസ്. റിപ്പോര്‍ട്ടില്‍ ആശങ്കയില്ലെന്ന് വ്യോമസേനാമേധാവി എന്‍.എ.കെ. ബ്രൗണി പറഞ്ഞു. യു.എസ്. പ്രതിരോധമന്ത്രാലയമായ പെന്‍റഗണിലെ ഉദ്യോഗസ്ഥനാണ് ചൈനയുടെ മിസൈല്‍ വിന്യാസത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയത്.
ദക്ഷിണചൈനാ കടല്‍ സ്വന്തം പ്രദേശമാണെന്നാണ് ചൈന പറയുന്നത്. എന്നാല്‍ മേഖലയിലെ മറ്റു രാജ്യങ്ങളായ വിയറ്റ്‌നാം, മലേഷ്യ, ബ്രൂണെ, തയ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളും വിഭവസമ്പന്നമായ ഈ മേഖലയില്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്. ദക്ഷിണ ചൈനാകടലിന്റെ പേരില്‍ മുന്‍പും ചൈനയും അയല്‍രാജ്യങ്ങളുംതമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുമായി ഇത്തരത്തിലൊരു ഏറ്റുമുട്ടല്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല