ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മുന്നില്‍ വഴിമുടക്കിയായി ബെനിഫിക്ക. ബെനിഫിക്കയോട് അപ്രതീക്ഷിത സമനില വഴങ്ങേണ്ടിവന്ന യുണൈറ്റഡിന് ഇനി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കണമെങ്കില്‍ എഫ്.സി.ബാസലിനെ വീഴ്ത്തിയേ പറ്റൂ. നാലാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ഫില്‍ ജോണ്‍സിന്റെ കാലില്‍ നിന്നു വീണ സെല്‍ഫ് ഗോളാണ് യുണൈറ്റഡിന് വിനയായത്. 30-ാം മിനിറ്റില്‍ ബര്‍ബറ്റോവ് സമനിലയും 59-ാം മിനറ്റില്‍ ഫ്ലെച്ചര്‍ ലീഡും നേടിയെങ്കലും 60-ാം മിനിറ്റില്‍ അയ്മറിലൂഴെ ബെനിഫിക്ക വിലപ്പെട്ട സമനില നേടി. ഇതോടെ ഒന്‍പതു പോയിന്റുമായി ഗ്രൂപ്പ് സി.യില്‍ നിന്ന് അവര്‍ നോക്കൗട്ട്റൗണ്ടില്‍ സ്ഥാനമുറപ്പിച്ചു. യുണൈറ്റഡിനും ഒന്‍പത് പോയിന്റാണുള്ളത്. എന്നാല്‍, അടുത്ത എതിരാളികളായ എഫ്.സി.ബാസലിന് എട്ട് പോയിന്റുണ്ട്.
ബെനിഫിക്കയ്ക്കൊപ്പം ഇന്റര്‍ മിലാനും ബയറണ് മ്യൂണിക്കും അവസാന പതിനാറില്‍ ഇടം നേടിയിട്ടുണ്ട്. അയാക്സും നപ്പോളിയുമാണ് നോക്കൗട്ട് പ്രവേശനത്തിന്റെ സാധ്യത നിലനിര്‍ത്തിയ മറ്റു ടീമുകള്‍.
വിയ്യറയലിനെതിരെ ഒരു സമനില മാത്രം മതിയായിരുന്ന ബയറണ് ഫ്രാങ്ക് റിബറിയുടെ സ്കോറിങ് മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് വിജയിച്ചത്. മൂന്ന്, 69 മിനിറ്റുകളിലായിരുന്നു റിബറിയുടെ ഗോളുകള്‍. മരിയോ ഗോമസ് 23-ാം മിനിറ്റില്‍ മൂന്നാം ഗോളും വലയിലാക്കി. ജൊനാഥന് ഡി ഗുസ്മാനാണ് 50-ാം മിനിറ്റില്‍ വിയ്യയറലിന്റെ ആശ്വാസഗോള്‍ നേടിയത്. അഞ്ചു കളികളില്‍ നിന്ന് 13 പോയിന്റ് നേടി ഗ്രൂപ്പ് എയിലെ ജേതാക്കളായാണ് ബയറണ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചത്.
ഇതേ ഗ്രൂപ്പില്‍ എഡിസണ് കവാനിയുടെ ഇരട്ടഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്പിച്ചാണ് നപ്പോളി നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തിയത്. 17-ാം മിനിറ്റിലായിരുന്നു കവാനിയുടെ ആദ്യഗോള്‍. 33-ാം മിനിറ്റില്‍ മരിയോ ബലൊട്ടെല്ലി സമനില നേടിയെങ്കിലും 49-ാം മിനിറ്റില്‍ കവാനി ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ട് വിലപ്പെട്ട പോയിന്റ് നേടി. അഞ്ചു കളികളില്‍ നിന്ന് എട്ട് പോയിന്റുണ്ട് നപ്പോളിക്കിപ്പോള്. ഏഴ് പോയിന്റുള്ള സിറ്റി മൂന്നാമതാണ്. അടുത്ത മത്സരത്തില്‍ ബയറണിനെ വീഴ്ത്തുകയും നപ്പോളി വിയ്യറയലിനോട് തോല്‍വി വഴങ്ങുകയും ചെയ്തെങ്കില്‍ മാത്രമേ ഇനി സിറ്റിക്ക് പ്രതീക്ഷയുള്ളൂ.
ഗ്രൂപ്പ് ബിയില്‍ ട്രാബ്സോണ്സ്പറിനോട് സമനില വഴങ്ങേണ്ടിവന്നെങ്കിലും അഞ്ചു കളികളില്‍ നിന്ന് പത്ത് പോയിന്റ് നേടി ഗ്രൂപ്പ് ജേതാക്കളായതാണ് ഇന്റര്‍ മിലാന് തുണയായത്. 18-ാം മിനിറ്റില്‍ റിക്കാര്‍ഡൊ അല്‍വാരസിലൂടെ ഇന്ററാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, 23-ാന മിനിറ്റില്‍ തന്നെ ഹാലില്‍ അലറ്റിടോപിലൂഴെ ട്രബ്സോണ്സ്പര് സമനില നേടി. ട്രാബ്സോണ്സ്പറിന് അഞ്ചു കളികളില്‍ നിന്ന് ആറ് പോയിന്റാണുള്ളത്.
ഗ്രൂപ്പ് ഡിയില്‍ ഡയനാമൊ സെഗ്രബിനെ രണ്ടിനെതിരെ ആറു ഗോളിന് തകര്‍ത്തതാണ് റയല്‍ മാഡ്രിഡിന് തുണയായത്. റയലിനുവേണ്ടി കരിം ബെന്‍സമയും ഹൊസെ കല്ലെയോണും രണ്ട് ഗോളുകള്‍ വീതവും മെസ്യൂട്ട് ഓസിലും ഗോണ്‍സാലൊ ഹിഗ്വായ്നും ഒരോ ഗോളും നേടി. ഫാറ്റോസ് ബെക്കിരാജിന്റെയും ഇവാന് ടോംകാക്കിന്റെയും വകയായിരുന്നു ഡയനാമോയുടെ ആശ്വാസഗേളുകള്. രയാം മിനിറ്റില്‍ തന്നെ ബെന്‍സെമ റയലിനെ മുന്നിലെത്തിച്ചിരുന്നു. കളിയുടെ അവസാനനിമിഷമാണ് ടോംകാക്ക് ഒരു ഗോള്‍ മടക്കിയത്. അഞ്ചു കളികളില്‍ നിന്ന് 15 പോയിന്റാണ് റയലിനുള്ളത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അയാക്സും ഒളിംപിക് ലിയോണും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല