സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയെ ഞെട്ടിച്ച് ഫ്‌ലോറന്‍സിയുടെ അത്ഭുത ഗോള്‍. റോമയുടെ അലസാന്‍ഡ്രോ ഫ്‌ളോറന്‍സിയാണ് ലീഗ് ചരിത്രത്തില്‍ലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് സ്വന്തം പേരിലാക്കിയത്. ലീഗില്‍ 100 മത്തെ മത്സരത്തിനിറങ്ങിയ ലയണല്‍ മെസിയുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയും ചെയ്തു ഫ്‌ളോറന്‍സി.
റോമയുടെ തട്ടകമായ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 31 മത്തെ മിനിറ്റിലാണ് ഫ്‌ളോറന്‍സിയുടെ അത്ഭുത ഗോള്‍. ലൂയി സുവാരസിന്റെ ഗോളില്‍ മുന്നിട്ടുനിന്ന ബാഴ്‌സ തുടരെ ആക്രമണം നടത്തുന്നതിനിടെയാണ് ഫ്‌ളോറന്‍സി പൊട്ടിവീണത്. ബാഴ്‌സ മുന്നേറ്റം വിഫലമാക്കി പ്രതിരോധനിര ക്ലിയര്‍ ചെയ്ത പന്ത് ലഭിക്കുമ്പോള്‍ സ്വന്തം പകുതിയിലായിരുന്നു ഇറ്റാലിയന്‍ താരം.
രണ്ടു, മൂന്നു ചുവടുവച്ച് മധ്യവര കടന്ന ഫ്‌ളോറന്‍സി വലത്തേ ടച്ച് ലൈനിനു സമീപം നിന്നു ഗോള്‍മുഖത്തേക്കു ശ്രദ്ധിക്കുമ്പോള്‍ അപകടം മണക്കാതെ പെനാല്‍റ്റി ബോക്‌സിന്റെ അരികില്‍ നില്‍ക്കുകയായിരുന്നു ബാഴ്‌സയുടെ ഗോള്‍കീപ്പര്‍ ടെര്‍ സ്‌റ്റെഗെന്‍. ഒരു നിമിഷം സാധ്യത മനസിലാക്കി പന്തു തൊടുക്കുമ്പോള്‍ സ്വന്തം ടീമംഗങ്ങള്‍ പോലും ഫ്‌ളോറന്‍സിയുടെ ലക്ഷ്യം മനസിലാക്കിയിരുന്നില്ല.
64 വാരയകലെ നിന്ന് ഫ്‌ളോറന്‍സി തൊടുത്ത ലോങ് റേഞ്ചറിന്റെ വരവ് കണ്ട് സ്‌റ്റെഗന്‍ തന്റെ കോട്ടയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും പാതിവഴിയില്‍ നിന്നു പന്ത് പോസ്റ്റിലുരുമ്മി വലയില്‍ക്കയറുന്നത് നോക്കിനില്‌ക്കേണ്ടി വന്നു. ഒരു നിമിഷം നിശബ്ദമായിപ്പോയ ശേഷം ഗാലറി പൊട്ടിത്തെറിച്ചു.
അവിശ്വസനീയതയോടെയാണ് മെസിയും സുവാരസുമടങ്ങിയ ബാഴ്‌സനിര ഗോള്‍ വീഴുന്നത് കണ്ടു നിന്നത്. ഒരൊറ്റ ഗോളില്‍ ഫ്‌ളോറന്‍സി ലോകം കീഴടക്കി. പിന്നീട് മത്സര ശേഷം ഫ്‌ളോറന്‍സിയുടെ പ്രകടനത്തെ അഭിനന്ദിക്കാന്‍ മെസിയും മറന്നില്ല. താരത്തിന്റെ തോളില്‍തട്ടി അഭിനന്ദിച്ചാണ് സെമിയും നെയ്മറും കളം വിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല