കായികപ്രേമികള്‍ കാത്തിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. യൂറോപ്യന്‍ ഫുട്‌ബോളിലെ പുതിയ ക്ലബ്ബ് രാജാവിനെ കണ്ടെത്താനുള്ള കലാശപ്പോരാട്ടത്തിന് ജര്‍മനിയിലെ അലയന്‍സ് അരീന സ്‌റ്റേഡിയമാണ് വേദിയാകുന്നത്. ആതിഥേയരായ ബയേണ്‍ മ്യൂണിക്കും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയുമാണ് കൊമ്പുകോര്‍ക്കുന്നത്.
ലോകത്തെ ഏറ്റവും ശക്തമായ രണ്ടു ടീമുകള്‍ക്കെതിരേ അട്ടിമറിവിജയം നേടി കൊണ്ടാണ് ചെല്‍സിയും ബയേണും ഫൈനിലിലെത്തിയത്. സെമിയില്‍ ചെല്‍സിക്കു മുന്നില്‍ ബാഴ്‌സലോണയും ബയേണിനു മുന്നില്‍ സാക്ഷാല്‍ റയല്‍ മാഡ്രിഡും. ഫൈനലിലെത്തിയ ഇരുടീമുകള്‍ക്കും ഇത്തവണ ആഭ്യന്തര ലീഗ് കിരീടം നേടാന്‍ സാധിച്ചിട്ടില്ലെന്നത് മത്സരത്തിന്റെ വീറും വാശിയും കൂട്ടും.
ഇതിനു മുമ്പ് നാലുതവണ ചാംപ്യന്‍സ് ലീഗ് ചാംപ്യന്മാരായിട്ടുള്ള ബയേണ്‍ മ്യൂണിക്കിന് സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നതിനാല്‍ ബാഡ്സ്റ്റ്യൂബര്‍, ഡേവിഡ് അലാബ, ഗുസ്താവോ എന്നീ താരങ്ങളെ കളത്തിലിറക്കാനാവില്ല.
ഇതിനുമുമ്പ് ഒരു തവണയാണ് ചെല്‍സി ചാംപ്യന്‍സ്‌ലീഗിന്റെ ഫൈനലിലെത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റുമടങ്ങാനായിരുന്നു വിധി. സസ്‌പെന്‍ഷന്‍ മൂലം നായകന്‍ ജോണ്‍ ടെറി, ബ്രാനിസ്ലാവ് ഇവാനോവിച്ച്, റമിറസ്, റൗള്‍ മെയര്‍ലെസ് എന്നിവര്‍ക്ക് ചെല്‍സിക്കുവേണ്ടി കളിക്കാനാവില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല