മിന്നും ജയവുമായി റയല്‍ മാഡ്രിഡും ചെല്‍സിയും യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമിയില്‍. സൈപ്രസ് ടീം അപ്പോയലിനെ രണ്ടാംപാദ ക്വാര്‍ട്ടറില്‍ 5-2നാണ് റയല്‍ തകര്‍ത്തത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ ഇരട്ട ഗോള്‍ സ്പാനിഷ് വമ്പന്മാരുടെ ജയം അനായാസമാക്കി. പോര്‍ച്ചുഗലിന്റെ ബെന്‍ഫിക്കയ്‌ക്കെതിരെയായിരുന്നു ചെല്‍സിയുടെ ജയം(2-1). സെമിയില്‍ റയല്‍ ജര്‍മന്‍ അതികായരായ ബയറണിനെയും ചെല്‍സി ചാമ്പ്യന്മാരായ ബാഴ്‌സലോണയെയുമാണ് നേരിടുക.
നിക്കോഷ്യയിലെ ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോള്‍ ജയം നേടിയ റയല്‍ സ്വന്തം തട്ടകത്തിലെ മടക്ക മത്സരത്തിലും അപ്പോയലിനെ അനായാസം മറികടക്കുകയായിരുന്നു. ക്രിസ്റ്റിയാനോയാണ് 26-ാം മിനിറ്റില്‍ ആതിഥേയരുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ഫോമിലേക്ക് മടങ്ങിവരുന്ന ബ്രസീല്‍ മുന്‍ ലോകഫുട്‌ബോളര്‍ കക്കാ പത്തുമിനിറ്റിന് ശേഷം ലീഡ് രണ്ടാക്കി.
ഇടവേളയ്ക്ക് ശേഷമായിരുന്നു 75-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ക്രിസ്റ്റ്യാനോയുടെ രണ്ടാം ഗോള്‍. ഇതോടെ പോര്‍ച്ചുഗല്‍ വിങ്ങറുടെ സീസണിലെ ഗോള്‍ നേട്ടം 49-ആയി. ജോസ് കല്ലേജനും(80)ആഞ്ചല്‍ ഡി മരിയയുമാണ്(84)റയലിന്റെ മറ്റ് ഗോളുകള്‍ നേടിയത്. കറുത്ത കുതിരകളായി ക്വാര്‍ട്ടറിലെത്തിയ സൈപ്രസ് ടീമിനായി ഗുസ്താവൊ മാന്‍ഡുക്കയും(67)പെനാള്‍ട്ടിയിലൂടെ സൊളാരിയുമാണ്(82)ലക്ഷ്യം കണ്ടത്.
പത്തുപേരുമായി പൊരുതിയ ബെന്‍ഫിക്കയ്‌ക്കെതിരെ സ്വന്തം മൈതാനത്ത് വിറച്ച് ജയിക്കുകയായിരുന്നു ചെല്‍സി. ആദ്യ പാദത്തില്‍ ഒരു ഗോള്‍ ജയം നേടിയിരുന്നെങ്കിലും സെമി ഉറപ്പിക്കാന്‍ നീലക്കുപ്പായക്കാര്‍ക്ക് വിയര്‍ത്ത് കളിക്കേണ്ടി വന്നു.ഫ്രാങ്ക് ലാംപാര്‍ഡിന്റെ 21-ാം മിനിറ്റിലെ പെനാള്‍ട്ടി ഗോളും ആദ്യപകുതിയുടെ ഒടുവില്‍ ബെന്‍ഫിക്ക നായകന്‍ മാക്‌സി പെരേര ചുവപ്പ്കാര്‍ഡ് കിട്ടി പുറത്തായതും ചെല്‍സിക്ക് തുണയാവുകയായിരുന്നു.
പോര്‍ച്ചുഗല്‍ പ്രധിരോധത്തിന്റെ പിടിപ്പുകേടാണ് ചെല്‍സിയുടെ ആദ്യ ഗോളിന് വഴിതുറന്നത്. ആഷ്‌ലി കോള്‍ പന്തുമായി പെനാല്‍ട്ടി ബോക്‌സില്‍ കടന്നപ്പോള്‍ പകച്ചുപോയ ജാവി ഗാര്‍സിയ ഇംഗ്ലീഷ് ലെഫ്റ്റ് ബാക്കിനെ കടുത്ത ഫൗളിലൂടെ വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ലഭിച്ച സ്‌പോട്ട് കിക്ക് ടീമിനായി 550-ാം കളിക്കിറങ്ങിയ ലാംപാര്‍ഡ് അനായാസം ലക്ഷ്യത്തിലെത്തിച്ചു.
പെരേര 40-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി പുറത്തായത് ബെന്‍ഫിക്കയുടെ തിരിച്ച് വരവ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തു. എന്നാല്‍, ഗാര്‍സിയ 85-ാം മിനിറ്റില്‍ ഗോള്‍ മടക്കിയത് ആതിഥേയ ക്യാംമ്പില്‍ പരിഭ്രാന്തി പരത്തി.സ്റ്റോപ്പേജ് സമയത്തിന്റെ രണ്ടാം മിനിറ്റില്‍ റൗള്‍ മിറലസിന്റെ ഗോളില്‍ വിജയം നേടിയെങ്കിലും സെമിയില്‍ ബാഴ്‌സയെ നേരിടാനൊരുങ്ങുന്ന ഡി മാറ്റൊയുടെ ടീമിന്റെ ദൗര്‍ബല്യങ്ങള്‍ കളിയില്‍ പ്രകടമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല