മയക്കുമരുന്നു കടത്തു കേസില്‍ ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ തൂക്കിലേറ്റിയ ഓസ്‌ട്രേലിയന്‍ പൗരന്മാരായ ആന്‍ഡ്രു ചാന്റെയും മ്യൂരന്‍ സുകുമാരന്റെയും മൃതദേഹം വീട്ടിലെത്തിച്ചു. ശനിയാഴ്ച്ച രാവിലെ പ്രാദേശികസമയം 6.30നാണ് ഇരുവരുടെയും മൃതദേഹം സിഡ്‌നി വിമാനത്താവളത്തില്‍ എത്തിച്ചത്. ഇരുവരുടെയും ഭാര്യമാര്‍ വിമാനത്താവളത്തില്‍ എത്തി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.
ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ തള്ളിക്കളഞ്ഞ് ഇവരെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് ഇന്‍ഡോനേഷ്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിട്ടുണ്ട്. വധശിക്ഷ നടപ്പാക്കിയെന്ന അറിയിപ്പ് ഓസ്‌ട്രേലിയയില്‍ ലഭിച്ചതിന് പിന്നാലെ അംബാസിഡറെ ഓസ്‌ട്രേലിയ തിരിച്ചു വിളിച്ചിരുന്നു. ഇന്‍ഡോനേഷ്യയുമായി തകാറിലായിരിക്കുന്ന നയതന്ത്ര ബന്ധം ഉടന്‍ പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു.
ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരിന്റെ നടപടി ക്രൂരവും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെങ്കിലും ആ രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കുന്നതായും ടോണി അബോട്ട് പറഞ്ഞു.
ബാലിയില്‍ പിടിക്കപ്പെട്ടതിന് ശേഷം ഇരുവരും പത്തു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ഇതിന്‌ശേഷമാണ് ഇവരുടെ വധശിക്ഷ ഇന്‍ഡോനേഷ്യ നടപ്പാക്കിയത്. ഇവരുടെ വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ചാന്‍ വിവാഹം ചെയ്തത്. ഫെബയാന്‍ഡി ഹെര്‍വില്ലയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ചാന്‍ അവരെ വിവാഹം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല