സ്വന്തം ലേഖകൻ: തന്റെ അദ്യ ബജറ്റില്‍ തന്നെ പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്കില്‍ മിനിമം വേതനം കൊണ്ടു വരുമെന്ന സൂചനകള്‍ നല്‍കുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. വരുന്ന ഒക്ടോബറില്‍ ലിവിംഗ് വേജ് ഏതാണ്ട് നാലു ശതമാനത്തോളം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍, മിനിമം വേതനം മണിക്കൂറില്‍ 12 പൗണ്ടോളം ആകും. അതുപോലെ ക്ഷേമ പദ്ധതികള്‍ക്കുള്ള ഫണ്ടുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ഉണ്ടാകും. ഇതിനുള്ള മൊത്തം ചിലവ് 1.6 ശതമാനം വര്‍ദ്ധിച്ച് രണ്ടു ബില്യന്‍ പൗണ്ട് വരെ എത്തുമെന്നാണ് കരുതുന്നത്.
വരുന്ന ഒക്ടോബര്‍ 30ന് ആണ് റേച്ചല്‍ റീവ്സ് തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. പൊതുചെലവില്‍ കാര്യമായ കുറവുകള്‍ ഉണ്ടായേക്കും അതുപോലെ നികുതികള്‍ വര്‍ദ്ധിപ്പിക്കാനും ഇടയുണ്ട് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. പൊതു ധനത്തില്‍ ഏതാണ്ട് 22 ബില്യന്‍ പൗണ്ടിന്റെ കമ്മി ഉണ്ടാക്കിയിട്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ ഭരണമൊഴിഞ്ഞതെന്ന് നേരത്തെ അവര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതായത്, നികുതി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതയാകുമെന്ന സൂചനയാണിത് എന്നര്‍ത്ഥം.
അധിക ചെലവിനുള്ള സമ്മര്‍ദ്ദം കൂടിയാകുമ്പോള്‍ അവര്‍ നികുതി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതയാകും. പ്രധാനമായും ധനികരെയാണ് ചാന്‍സലര്‍ ഉന്നം വയ്ക്കുന്നത് എന്നാണ് പല പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാപിറ്റല്‍ ഗെയ്ന്‍ ടാക്സിലും ഇന്‍ഹെരിറ്റന്‍സ് ടാക്സിലുമായിരിക്കും പ്രധാനമായും വര്‍ദ്ധനവ് ഉണ്ടാവുക. നാഷണല്‍ ലിവിംഗ് വേതനത്തിലും ബെനഫിറ്റുകളിലും വര്‍ദ്ധനവ് വരുത്തണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതായും വരും.
ലോ പേ കമ്മീഷനാണ് മിനിമം വേജ് കണക്കാക്കുന്നത്. അവര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം 3.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ഇത് നടപ്പിലാക്കിയാല്‍, നിലവിലെ, മണിക്കൂറില്‍ 11.44 പൗണ്ട് എന്ന നിരക്കിലുള്ള മിനിമം വേതനം മണിക്കൂറില്‍ 11.89 പൗണ്ട് ആയി ഉയരും. അടുത്ത വര്‍ഷം ഏപ്രില്‍ മുതലായിരിക്കും ഇത് നിലവില്‍ വരിക. അടുത്ത കാലങ്ങളില്‍ ഉണ്ടായ വര്‍ദ്ധനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ദ്ധനവ് കുറവാണെങ്കിലും, 2025 ല്‍ പ്രതീക്ഷിക്കുന്ന ശരാശരി ശമ്പളത്തേക്കാള്‍ കൂടുതലാണിത്.
സ്വതന്ത്ര സാമ്പത്തിക കാര്യ നിരീക്ഷകരായ ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്സിബിലിറ്റി (ഒ ബി ആര്) കണക്കാക്കുന്നത് അടുത്തവര്‍ഷമാകുമ്പോഴേക്കും പണപ്പെരുപ്പനിരക്ക് 1.5 ശതമാനമാകും എന്നാണ്. ഒപ്പം വരുമാനത്തില്‍ രണ്ടു ശതമാനത്തിന്റെ വര്‍ദ്ധനവും ഉണ്ടാകും. അതിന്റെ ഫലമായി, മിനിമം വേതനത്തില്‍ ജീവനക്കാരെ നിയമിക്കുന്ന ചെറുകിട സംരംഭകര്‍ക്ക് ജീവനക്കാരുടെ വര്‍ദ്ധിച്ച ശമ്പളത്തിന്റെ സമ്മര്‍ദ്ദം കൂടി അനുഭവപ്പെടും.
അതുപോലെ ബെനെഫിറ്റുകളുടെയും സ്റ്റേറ്റ് പെന്‍ഷന്റെയും കാര്യത്തിലും ഒരു തീരുമാനമെടുക്കേണ്ടതായിട്ടുണ്ട്. നിയമ പ്രകാരം ഓരോ വര്‍ഷവും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടതായിട്ടും അത് ശരത്ക്കാലത്ത് പ്രഖ്യാപിക്കേണ്ടതായിട്ടും ഉണ്ട്.
ഇവയില്‍ ചിലതെങ്കിലും, ഇപ്പോള്‍ ഒ ബി ആര് കണക്കാക്കിയിരിക്കുന്ന പണപ്പെരുപ്പത്തിന്റെ നിരക്കിലെങ്കിലും വര്‍ദ്ധിപ്പിച്ചേക്കാം. ഇക്കാര്യത്തില്‍ ചുരുങ്ങിയത് 1.6 ശതമാനത്തിന്റെ വര്‍ദ്ധനവെങ്കിലും ഉണ്ടായാല്‍ അത് രാജ്യത്തിന്റെ ക്ഷേമ ഫണ്ടില്‍ രണ്ടു ബില്യണ്‍ പൗണ്ടിന്റെ അധിക ചെലവ് ഉണ്ടാക്കും എന്നാണ് സാമ്പത്തികകാര്യ വിദഗ്ധര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല