സ്വന്തം ലേഖകൻ: വരുന്ന വേനല്‍ക്കാലത്ത് പൊതുമേഖലാ ജീവനക്കാര്‍ക്ക് പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്കിലുള്ള ശമ്പള വര്‍ദ്ധനവ് നല്‍കിയേക്കും എന്ന സൂചനകളാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നല്‍കുന്നത്. സ്വതന്ത്ര പേ റിവ്യൂ കമ്മീഷന്‍ അധ്യാപകര്‍ക്കും ചില എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും 5.5 ശതമാനം ശമ്പള വര്‍ദ്ധനവ് ശുപാര്‍ശ ചെയ്തിട്ടുണ്ട് എന്ന സൂചന പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് ചാന്‍സലറുടെ പ്രതികരണം.
നമ്പര്‍ 11 ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നുള്ള തന്റെ ആദ്യ അഭിമുഖത്തില്‍ റേച്ചല്‍ റീവ്‌സ് പറഞ്ഞത് പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരെ താന്‍ എറെ ബഹുമാനിക്കുന്നു എന്നായിരുന്നു. സ്‌കൂളുകള്‍, ആശുപത്രികള്‍, പോലീസ് എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ മികച്ച സേവനമാണ് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ മേഖലയില്‍ ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തതും, പല വിഭാഗങ്ങളുടെ സമരങ്ങളുമെല്ലാം ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞ അവര്‍ പറഞ്ഞത് ഇക്കാര്യത്തില്‍ അനുയോജ്യമായ നടപടികള്‍ എടുക്കും എന്നായിരുന്നു. തീര്‍ച്ചയായും വേതനത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നും റീവ്‌സ് പറഞ്ഞു.
ചില കര്‍ശന നടപടികള്‍ എടുക്കാന്‍ ഭയന്നിട്ട് ആണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുപ്പ് നേരത്തെ ആക്കിയതെന്ന് ആരോപിച്ച റീവ്‌സ്, അവര്‍ ചുമതലകളില്‍ നിന്നും ഒളിച്ചോടുകയായിരുന്നു എന്നും പറഞ്ഞു. എന്നാല്‍, മുന്‍ സര്‍ക്കാര്‍, കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ ചെലവ് ആവശ്യം വന്ന ഘട്ടത്തില്‍ കടുത്ത തീരുമാനങ്ങള്‍ എടുത്തിരുന്നതായി മുന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് തിരിച്ചടിച്ചു. നികുതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കളം ഒരുക്കുകയാണ് റീവ്‌സ് എന്നും ഹണ്ട് ആരോപിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും മോശം സാമ്പത്തിക സ്ഥിതി അവശേഷിപ്പിച്ചാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരം ഒഴിഞ്ഞതെന്ന ലേബര്‍ പാര്‍ട്ടിയുടെ ആരോപ്പണം വെറും വിഢിത്തം മാത്രമാണെന്നും ജെറമി ഹണ്ട് പറഞ്ഞു. എന്നിരുന്നാലും, തങ്ങള്‍ അധികാരത്തില്‍ എത്തിയിരുന്നെങ്കിലും, തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന നികുതിയിളവ് ഉടനെ നടപ്പാക്കാന്‍ കഴിയില്ലായിരുന്നു എന്നും അദ്ദേഹം സമ്മതിച്ചു.
പൊതുമേഖലയിലെ ജീവനക്കാരുടെ വേതനം 5.5 ശതമാനം വര്‍ദ്ധിപ്പിച്ചാല്‍ അധിക ചെലവ് 3 ബില്യന്‍ പൗണ്ട് വരെയാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നു. ഇത് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന 2.5 മുതല്‍ 3 ശതമാനം എന്നതിനേക്കാള്‍ വളരെകൂടുതലായിരിക്കും. അതുകൊണ്ടു തന്നെ സര്‍ക്കാരിന് വീണ്ടും കടം എടുക്കേണ്ടതായോ നികുതി വര്‍ദ്ധിപ്പിക്കേണ്ടതായോ വരുമെന്നും ഐ എഫ് എസ് ഡയറക്ടര്‍ പോള്‍ ജോണ്‍സണ്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല