സ്വന്തം ലേഖകന്‍:ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ധാര്‍ഷ്ട്യക്കാരനും സാധാരണക്കാരന്റെ ജീവന് വിലകല്‍പ്പിക്കാത്തവനുമെന്ന് സുപ്രീം കോടതി, ജാമ്യം നിഷേധിച്ചു. നിസാമിനെതിരെ അതി രൂക്ഷമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്. സാധാരണക്കാരന്റെ ജീവന് വില കല്‍പിയ്ക്കാത്ത ആളാണ് നിസാം എന്ന് കോടതി തുറന്നടിച്ചു.
ചന്ദ്രബോസ് വധക്കേസില്‍ ജനുവരിയില്‍ തന്നെ വിധി പറയണം എന്ന് വിചാരണ കോടതിയോട് സുപ്രീം കോടതി നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യമാണ് നിസാമിന് വേണ്ടി ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും സുപ്രീം കോടതി അഭിഭാഷകനും ആയ കപില്‍ സിബല്‍ ഹാജരായി.
രാജ്യത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ നിസാമിന് വേണ്ടി ഹാജരാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് നിസാമിന് വേണ്ടി ഹാജരായത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തില്‍ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആയിരുന്നു ഗോപാല്‍ സുബ്രഹ്മണ്യം. അദ്ദേഹത്തെ രംഗത്തിറക്കിയിട്ടും നിസാമിന് ജാമ്യം ലഭിച്ചില്ല.
ചന്ദ്രബോസിനെ വധിച്ചത് മനപ്പൂര്‍വ്വമല്ലെന്നാണ് ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചത്. കാറിന്റെ വേഗം കൂടിപ്പോയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നായിരുന്നു വാദം. എന്നാല്‍ നിസാമിന് വേണ്ടി അഭിഭാഷകന്‍ ഉന്നയിച്ച വാദങ്ങളൊന്നും തന്നെ കോടതി അംഗീകരിച്ചില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയ്ക്ക് ജാമ്യം നല്‍കരുതെന്ന കപില്‍ സിബലിന്റെ വാദമാണ് കോടതി അംഗീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല