സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിന് വേണ്ടി മൊഴിമാറ്റി, നിസാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കും. പ്രോസിക്യൂഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമലിന് വിചാരണ കോടതി കാരണം കാണിയ്ക്കല്‍ നോട്ടീസ് അയച്ചു. കേസില്‍ നിസാമിന് അനുകൂലമായാണ് അമല്‍ മൊഴിമാറ്റി പറഞ്ഞത്. ഇത് പ്രൊസിക്യൂഷന്‍ വാദം ദുര്‍ബലമാക്കുമെന്നും നിസാമിന്റെ മോചനത്തിനു വരെ വഴിതെളിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.
ചന്ദ്രബോസ് വധക്കേസില്‍ പതിനൊന്നാം സാക്ഷിയായിരുന്നു നിസാമിന്റെ ഭാര്യ അമല്‍. ചന്ദ്രബോസിനെ നിസാം കാറിടിച്ച് പരിക്കേല്‍പ്പിയ്ക്കുന്നതും മര്‍ദ്ദിയ്ക്കുന്നതുമൊക്കെ താന്‍ കണ്ടുവെന്നായിരുന്നു അമല്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ വിസ്താരണയ്ക്കിടെ രഹസ്യ മൊഴിയ്ക്ക് വിരുദ്ധമായ മൊഴിയാണ് അമല്‍ നല്‍കിയത്.
ചന്ദ്രബോസിന്റേത് അപകടമരണമെന്ന രീതിയിലായിരുന്നു അമലിന്റെ മൊഴിമാറ്റം. കേസില്‍ സാക്ഷി വിസ്താരം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. നവംബര്‍ 30ന് അകം വിധി പറയാനാകുന്ന വിധത്തിലാണ് വിചാരണ നടപടികളുടെ ക്രമീകരണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനു പറഞ്ഞു.
എന്നാല്‍ അമലിന്റെ കൂറുമാറ്റം കേസിനെ പ്രതീകൂലമായി ബാധിയ്ക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. കേസില്‍ പ്രധാന സാക്ഷികളെ മാത്രമാണ് വിസ്തരിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല