സ്വന്തം ലേഖകൻ: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 ജൂലായ് 12നും 19നും ഇടയില്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ്. ചന്ദ്രയാന്‍ 3 ബഹിരാകാശപേടകം പൂര്‍ണമായും സംയോജിപ്പിച്ചുവെന്നും അന്തിമഘട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിക്ഷേപണ തിയതി പ്രഖ്യാപിക്കുമെന്നും സോമനാഥ് അറിയിച്ചു. അതിനിടെ ജൂലായ് 13ന് ഉച്ചയ്ക്ക് 2.30നായിരിക്കും ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിളില്‍ മാര്‍ക്ക് 3 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിക്കുക.
ചന്ദ്രനിലേക്കുള്ള ഐഎസ്ആര്‍ഒയുടെ മൂന്നാമത്തെ ദൗത്യമാണിത്. ആദ്യദൗത്യം പൂര്‍ണമായും വിജയകരമായിരുന്നു. ചന്ദ്രയാന്‍ 2 ദൗത്യത്തിന് ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് സംവിധാനങ്ങളാണുണ്ടായിരുന്നത്. ഇതില്‍ ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിന്യസിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചു. എന്നാല്‍ ലാന്‍ഡര്‍ സുരക്ഷിതമായി ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് മൂന്നാം ചാന്ദ്ര ദൗത്യത്തിന് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്.
615 കോടി രൂപയാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ബജറ്റ്. പുതിയ ഓര്‍ബിറ്റര്‍ ചന്ദ്രയാന്‍ മൂന്നിന് ഉണ്ടാവില്ല. പകരം ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ തന്നെ പുതിയ ദൗത്യത്തിന് വേണ്ടി പ്രയോജനപ്പെടുത്തും. സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ലാന്‍ഡറും അതിനുള്ളിലായുള്ള റോവറുമായിരിക്കും പുതിയ ദൗത്യത്തില്‍ വിക്ഷേപിക്കുക. ലാന്‍ഡര്‍ സുരക്ഷിതമായി ഇറങ്ങിയാല്‍ പര്യവേക്ഷണത്തിനുള്ള റോവറും വിന്യസിക്കും. കഴിഞ്ഞ തവണ ലാന്‍ഡര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടതില്‍നിന്ന് കൂടുതല്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് മൂന്നാം ചാന്ദ്ര ദൗത്യത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല