സ്വന്തം ലേഖകൻ: ചന്ദ്രയാൻ മൂന്നിലെ ലാൻഡർ മൊഡ്യൂളിൽനിന്ന് പുറത്തിറങ്ങിയ റോവർ ചന്ദ്രോപരിതലത്തിൽ യാത്രതുടങ്ങി. ഇനി എല്ലാ കണ്ണുകളും റോവറിന്റെ പര്യവേക്ഷണത്തിലേക്കാണ്. ചന്ദ്രന്റെ ഉപരിതലത്തിലും അന്തരീക്ഷത്തിലും മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ റോവർ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
ബുധനാഴ്ച വൈകീട്ട് 6.04-ന് ലാൻഡിങ് നടന്ന് നാലുമണിക്കൂറിനുശേഷം റോവറിനെ പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് റോവർ പുറത്തിറങ്ങിയ കാര്യം ഐ.എസ്.ആർ.ഒ. അറിയിച്ചത്. ‘റോവർ ലാൻഡറിൽനിന്ന് പുറത്തിറങ്ങിയെന്നും ഇന്ത്യ ചന്ദ്രനിലൂടെ നടന്നു’ എന്നും എക്സിൽ കുറിപ്പിട്ടു.
റോവർ ചന്ദ്രോപരിതലത്തിലൂടെ അല്പദൂരം സഞ്ചരിച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ഒരു ചാന്ദ്രദിനമാണ് (ഭൂമിയിലെ 14 ദിവസം) റോവറിന്റെ പ്രവർത്തനകാലാവധി. ഈ സമയത്ത് ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് രാസവിശകലനങ്ങൾ നടത്തും.
റോവറിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ വിശദമായി വിശകലനംചെയ്തിട്ടേ പുറത്തുവിടുകയുള്ളൂ. റോവർ വിവരങ്ങൾ കൈമാറുന്നത് ലാൻഡറിലേക്കാണ്. ഈ വിവരങ്ങൾ ബെംഗളൂരുവിലെ ബൈലാലുവിലുള്ള ദീർഘദൂര ബഹിരാകാശ വിവരവിനിമയ ശൃംഖലയിൽ (ഐ.ഡി.എസ്.എൻ.) ലഭിക്കും.
ഇവിടെനിന്ന് അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി, സ്പെയ്‌സ് ആപ്ലിക്കേഷൻസ് സെന്റർ എന്നിവിടങ്ങളിലെത്തിച്ച് വിശദമായി വിശകലനംചെയ്തശേഷമാകും വിവരങ്ങൾ പുറത്തുവിടുക. ചന്ദ്രനിൽ വീഴുന്ന വെളിച്ചമുൾപ്പെടെയുള്ള കാര്യങ്ങൾക്കനുസരിച്ചാകും റോവറിൽനിന്നുള്ള വിവരങ്ങൾ ഭൂമിയിൽ ലഭിക്കുക.
ചന്ദ്രന്റെ ഉപരിതലത്തിലെ മൂലകങ്ങളെക്കുറിച്ചും രാസഘടനകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് റോവറിലെ പേലോഡുകൾ പഠിക്കുന്നത്. ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്പ്, ആൽഫ പാർട്ടിക്കിൾ എക്സ്‌റേ സ്പെക്ട്രോമീറ്റർ എന്നിവയാണ് പേലോഡുകൾ. റോവറിനൊപ്പം ലാൻഡറിലെ മൂന്ന് പേലോഡുകളും ഗവേഷണം നടത്തും. ബെംഗളൂരുവിലെ ഇസ്ട്രാക്കിൽനിന്ന് ലാൻഡറിനെയും റോവറിനെയും ചെയർമാൻ എസ്. സോമനാഥിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ നിരീക്ഷിച്ചുവരുകയാണ്.
ലാൻഡറിലെയും റോവറിലെയും ഉപകരണങ്ങൾ സാധാരണനിലയിൽ പ്രവർത്തിക്കുന്നതായി ഐ.എസ്.ആർ.ഒ. അറിയിച്ചു. ലാൻഡർ മൊഡ്യൂളിലെ പേലോഡുകളായ ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി (ഐ.എൽ.എസ്.എ.), റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പർ സെൻസിറ്റീവ് ഐനോസ്ഫിയർ ആൻഡ് അറ്റ്‌മോസ്ഫിയർ (ആർ.എ.എം.ബി.എച്ച്.എ.), ചന്ദ്രാസ് സർഫേസ് തെർമോ ഫിസിക്കൽ എക്സ്പിരിമെന്റ് എന്നിവ വ്യാഴാഴ്ച പ്രവർത്തനം തുടങ്ങി.
പ്രൊപ്പൽഷൻ മൊഡ്യൂളിലെ പേലോഡായ സ്പെക്ട്രോ പോളാരി മെട്രി ഓഫ് ഹബിറ്റബിൾ പ്ലാനറ്റ് എർത്ത് (എസ്.എച്ച്.എ.പി.ഇ.) കഴിഞ്ഞ ഞായറാഴ്ച പ്രവർത്തനം തുടങ്ങിയിരുന്നു. വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ പുതിയ വീഡിയോ ദൃശ്യം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ലാന്‍ഡറിലെ ഇമേജ് ക്യാമറ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവിട്ടത്.
ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് ലാന്‍ഡര്‍ ഇമേജ് ക്യാമറ ചന്ദ്രന്റെ ചിത്രം പകര്‍ത്തിയത് ഇങ്ങനെയാണ് എന്ന അടിക്കുറിപ്പോടെയാണ് ഐഎസ്ആര്‍ഒ വീഡിയോ പങ്കുവെച്ചത്. ചന്ദ്രോപരിതലത്തിലെ അഗാധമായ ഗര്‍ത്തങ്ങളും മറ്റും ദൃശ്യമാകുന്ന രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല