
സ്വന്തം ലേഖകൻ: ലോകം കണ്ണുംനട്ടു കാത്തിരിക്കുന്നു. ആരാകും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമിറങ്ങുക? ഇന്ത്യയുടെ അഭിമാനചാന്ദ്രദൗത്യം ചന്ദ്രയാൻ-മൂന്നോ റഷ്യ അരനൂറ്റാണ്ടിനുശേഷം ചന്ദ്രനെ ലക്ഷ്യമിട്ടു വിക്ഷേപിച്ച ലൂണ-ഇരുപത്തിയഞ്ചോ? ബഹിരാകാശത്തെ ഏറ്റവും പുതിയ മത്സരത്തിനു ചൂടേറി, ആ ചോദ്യത്തിന് ഉത്തരമറിയാൻ ഇനി ദിവസങ്ങൾമാത്രം.
ചന്ദ്രയാനാണ് ആദ്യം വിക്ഷേപിച്ചത്; കഴിഞ്ഞ ജൂലായ് 14-ന്. ഓഗസ്റ്റ് അഞ്ചിന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഈമാസം 23-നോ 24-നോ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ലൂണ-25 മൂന്നാഴ്ചയ്ക്കുശേഷം ഈ മാസം പത്തിനാണ് റഷ്യ ബഹിരാകാശത്തേക്ക് തൊടുത്തത്. വൈകിയാണ് കുതിപ്പു തുടങ്ങിയതെങ്കിലും നേരത്തേ ചന്ദ്രോപരിതലത്തിലിറങ്ങാനാണ് റഷ്യൻ ബഹിരാകാശഏജൻസിയായ റോസ് കോസ്മോസ് ലക്ഷ്യമിടുന്നത്.
ഈ മാസം 21 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ചന്ദ്രനിലിറങ്ങുമെന്ന് പ്രതീക്ഷിക്കാമെന്ന് അവർ പറയുന്നു. ചന്ദ്രയാന് ഒരു ദിവസമെങ്കിലും മുമ്പ് ഇറങ്ങാനാകുമെന്നാണ് റോസ് കോസ്മോസിന്റെ പ്രതീക്ഷ. കാര്യങ്ങൾ അനുകൂലമായില്ലെങ്കിൽ ഇതിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. ചന്ദ്രയാനെക്കാൾ ഭാരം കുറവാണ് ലൂണയ്ക്ക് (ചന്ദ്രയാൻ-3,800 കിലോ, ലൂണ-1,750 കിലോ). അതുകൊണ്ടുതന്നെ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ ലൂണയ്ക്ക് സാധിക്കും.
റഷ്യയുടെ ചാന്ദ്രദൗത്യത്തിൽ സന്തോഷമുണ്ടെന്നും ആരാദ്യമിറങ്ങുമെന്നതിന് പ്രസക്തിയില്ലെന്നും ഐ.എസ്.ആർ.ഒ. മുൻചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. ഇരുപേടകങ്ങൾക്കും ചന്ദ്രനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൂര്യൻറെ സ്ഥാനവും പേടകങ്ങൾ ചന്ദ്രനിലിറങ്ങുന്ന സമയം തീരുമാനിക്കുന്നതിൽ നിർണായകമാണ്. ഇരുപേടകങ്ങളും നൽകുന്ന പുതിയ വിവരങ്ങളെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ചാന്ദ്രപര്യവേക്ഷണരംഗത്ത് രാജ്യങ്ങൾ തമ്മിലുള്ള ആരോഗ്യപരമായ മത്സരം ഗുണംചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ചന്ദ്രനെക്കുറിച്ച് പഠനം നടത്താൻ ഏറ്റവും അനുയോജ്യമായ പ്രദേശം ദക്ഷിണധ്രുവമാണ്. ഇതാണ് ഇരു രാജ്യങ്ങളും തങ്ങളുടെ പേടകങ്ങളെ ദക്ഷിണധ്രുവത്തിൽത്തന്നെ ഇറക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല