സ്വന്തം ലേഖകന്‍: ചന്ദ്രയാന്‍ 2 നിര്‍ണായക ഘട്ടത്തിലേക്ക്. ഭൂമിയെ ചുറ്റുന്ന അവസ്ഥവിട്ട് പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.21ന് 1203 സെക്കന്റ് നേരം എഞ്ചിന് പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും മാറ്റിയത്. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്നും അടുത്തമാസം ഏഴിന് പേടകം ചന്ദ്രനില്‍ ഇറങ്ങുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്.
ഭൂമിയെ വലയം ചെയ്യുന്നതിനിടെ ഭൂമിക്ക് ഏറ്റവുമടുത്തെത്തിയ സമയം പേടകത്തിലെ ദ്രവീകൃത ഇന്ധന എന്ജിന് 1,203 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് ട്രാന്‍സ് ലൂണാര്‍ ഇന്ജക്ഷന് (ടിഎല്‍ഐ) എന്ന ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള വിജയകരമായ ഗതിമാറ്റം ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ജൂലൈ 22 നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. 22 ദിവസം ഭൂമിയുടെ വലയത്തില്‍ തുടര്‍ന്ന ശേഷമാണ് മുന്‍നിശ്ചയിച്ച പ്രകാരം ബുധനാഴ്ച പുലര്‍ച്ചെ 2.21 ന് ഗതിമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയത്. ജൂലൈ 23 നും ഓഗസ്റ്റ് ആറിനുമിടയില്‍ അഞ്ചു തവണ ഘട്ടംഘട്ടമായി ഭ്രമണപഥം ഉയര്‍ത്തുന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ബുധനാഴ്ച പുലര്‍ച്ചെ ചന്ദ്രയാന്‍ 2 ന്റെ ഭ്രമണഗതിമാറ്റത്തിലേക്ക് ശാസ്ത്രജ്ഞര്‍ കടന്നത്. വിക്ഷേപണവേളയില്‍ 3,850 കിലോ ഭാരമുണ്ടായിരുന്ന ചന്ദ്രയാന്‍ – 2 ലെ 2,542 കിലോ ഭാരവും അതു വഹിക്കുന്ന ഇന്ധനത്തിന്റേതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല