ഒരുമയില്‍ ഒറ്റക്കെട്ടായി ചങ്ങനാശേരി അതിരൂപത മക്കള്‍ ഒത്തുചേര്‍ന്നതോടെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലിവര്‍പൂളില്‍ നടന്ന സമ്മേളനം ചരിത്രമായി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ ഇന്നലെ ലിവര്‍പൂള്‍ സെന്റ്. ഫിലോമിനാസ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അതൊരു കൂട്ടായ്മയുടെ പുത്തന്‍ തുടക്കമായി. ഇന്നലെ ഉച്ചക്കഴിഞ്ഞ് ന്യൂകാസിലില്‍ നിന്നും ലിവര്‍പൂളില്‍ എത്തിച്ചേര്‍ന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിനെ ലിവര്‍പൂളിലെ മലയാളി സമാജവും രൂപതാമക്കളും ചേര്‍ന്ന് സ്നേഹോഷ്മളമായ സ്വീകരണം നല്കി.
തുടര്‍ന്ന് സെന്റ് ഫിലോമിന ദേവാലയത്തിലെ കമനീയമായി അലങ്കരിച്ച അള്‍ത്താരയില്‍ നടന്ന പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ മാര്‍ പെരുന്തോട്ടം മുഖ്യ കാര്‍മ്മികനായി രൂപതാ ചാപ്ലയില്മാരായ ഫാ. ജോസഫ് കറുകയില്‍, ഫാ. ബോണി കാരുവേലില്‍ തുടങ്ങിയവര്‍ സഹകര്‍മ്മികരായി. കോട്ടയം വികാരിയത്തിന്റെ സ്ഥാപനത്തെക്കുറിച്ചും. പ്രവാസികളഉടെ ഉന്നമനത്തിനായി സീറോ മലബാര്‍ സഭ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും ദിവ്യ ബലിമദ്ധ്യേ നടന്ന പ്രസംഗത്തില്‍ സന്ദേശം ഉത്ബോധിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റശേഷം ആദ്യമായി മാര്‍പ്പാപ്പയെ കണ്ട ആലഞ്ചേരി പിതാവിനൊപ്പം ഉള്‍പ്പെട്ട മെത്രാന് സംഗത്തിലുണ്ടായിരുന്ന പെരുന്തോട്ടം പിതാവ് യൂറോപ്പിലെ ആത്മീയകാര്യങ്ങള്‍ ഊര്ജ്ജസ്വലമാക്കേണ്ടതിന്റെ ആവശ്യകത മാര്‍പ്പാപ്പയെ ധരിപ്പിച്ചതായും പ്രസംഗമദ്ധ്യേ അറിയിച്ചു.
ദിവ്യബലിയേതുടര്ന്ന് നടന്ന അതിരൂപത സമ്മേളം നിലവിളക്ക് കൊളുത്തി അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. പ്രാര്‍ത്ഥന ചൈതന്യം കുടുംബങ്ങളില്‍നിന്നും ചോര്‍ന്ന് പോകരുതെന്നും വിശ്വാസതീഷ്ണതയില്‍ മക്കളെ വളര്‍ത്തിക്കൊണ്ടുവരുവാനും പ്രസംഗമദ്ധ്യേ പിതാവ് ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് കേക്ക് മുറിച്ച് രൂപാത മക്കള്‍ സന്തോഷം പങ്കുവെച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സമ്മേളനത്തിന് മികവേകി. 2012 മെയ് മാസത്തില്‍ ചങ്ങനാശ്ശേരിയില്‍വെച്ച് നടക്കുന്ന പ്രവാസി സംഗമത്തിലേക്ക് ഏവരെയും മാര്‍ പെരുന്തോട്ടം സ്വാഗതം ചെയ്തു. യുകെയിലേയും അയര്‍ലണ്ടിലേയും രൂപതാമക്കളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുവാന് ഫാ. ജോസഫ് കറുകയിലിനെയും, ഫാ. സോണി കാരുവേലിനേയും ചുമതലപ്പെടുത്തി.
അലക്സ് മാടപ്പാട് ചങ്ങനാശ്ശേരി അതിരൂപതാ ചരിത്രം വായിച്ചു. സ്നേഹവിരുന്നിനെത്തുടര്ന്ന് അതിരൂപത ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു. യുകെയില്‍ എമ്പാടുമുള്ള മുഴുവന്‍ രൂപതാ മക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് അടുത്ത വര്‍ഷം വിപുലമായ പരിപാടികളോടെ അതിരൂപതാസമ്മേളനം നടത്തുന്നതിനും തീരുമാനമായി തോമസുകുട്ടി ഫ്രാന്‍സിസ്, ഷിബു എട്ടുകാട്ടില്‍, ഷൈമോന്‍ തോട്ടുങ്കല്‍, ജോഷി നടുത്തുണ്ടം, ജോര്‍ജ്ജുകുട്ടി തോട്ട് കടവില്‍, ബോബി മുക്കാടന്‍, വിനോദ് ചുംഗകരോട്ട്, സൗമ്യ ബോബി, ജോബിള്‍ തോപ്പില്‍, ജിമ്മി മൂലംകുന്നം, അലക്സ് മാടപ്പാട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ആതിഥേയത്വം വഹിച്ച ലിവര്‍പൂള്‍ മലയാളികള്‍ക്കും കാത്തലിക് കമ്യൂണിറ്റിക്കും അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല