സ്വന്തം ലേഖകൻ: ഒക്ടോബര്‍ ആറിന് പുതിയ ഇ യു അതിര്‍ത്തി നിയമം പ്രാബല്യത്തില്‍ വരുന്നതോടെ യൂറോപ്യന്‍ സന്ദര്‍ശനത്തിനു പോകുന്ന ബ്രിട്ടീഷുകാര്‍ക്ക് നിരവധി മാറ്റങ്ങള്‍ ദൃശ്യമാകും. ഒപ്പം നീണ്ട ക്യൂവില്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടതായും വരും. യൂറോപ്യന്‍ യൂണിയന്റെ എന്‍ട്രി/ എക്സിറ്റ് സിസ്റ്റത്തില്‍ രാജ്യത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പായി ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതായി വരും യൂറോപ്യന്‍ അംഗരാജ്യങ്ങള്‍ ഒഴിച്ച് മറ്റെല്ലാ രാജ്യക്കാര്‍ക്കും ഇത് ബാധകമായിരിക്കും. പഴയ പാസ്സ്‌പോര്‍ട്ട് സ്റ്റാമ്പിംഗിന് പകരമായുള്ള സംവിധാനമാണിത്.
യൂറോസ്റ്റാര്‍, യൂറോടണല്‍, എന്നിവയിലെ യാത്രക്കാരും, ഫെറി സര്‍വ്വീസില്‍ ചാനല്‍ കടന്നു പോകുന്നവരും ബ്രിട്ടനില്‍ വെച്ചു തന്നെ ഈ വിവരങ്ങള്‍ നല്‍കേണ്ടി വരും.യാത്ര തുടങ്ങുന്നതിനു മുന്‍പ് തന്നെ ഈ വിവരങ്ങള്‍ നല്‍കണം. എന്നാല്‍, വിമാനമാര്‍ഗ്ഗം പോകുന്നവര്‍ അവരുടെ ലക്ഷ്യസ്ഥാനത്തുള്ള വിമാനത്താവളങ്ങളിലാണ് ഈ വിവരങ്ങള്‍ നല്‍കേണ്ടത്.
യൂറോസ്റ്റാറില്‍ യാത്ര ചെയ്യുന്നവര്‍ സെയിന്റ് പാന്‍ക്രാസ് സ്റ്റേഷനിലെ ഇലക്ട്രോണിക് കിയോസ്‌കുകളിലാണ് ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടത്. ഈ കിയോസ്‌ക്കുകളില്‍ യാത്രക്കാര്‍ പാസ്സ്‌പോര്‍ട്ട് റെജിസ്റ്റര്‍ ചെയ്യുകയും, മുഖത്തിന്റെ ഇമേജ്, വിരലടയാളങ്ങള്‍ എന്നിവ നല്‍കുകയും അതുപോലെ അവരുടെ യാത്രയുമായി ബന്ധപ്പെട്ടാ നല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും വേണം. യൂറോ ടണല്‍ യാത്രക്കാര്‍ക്കും സമാനമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കാറില്‍ നിന്നിറങ്ങി കിയോസ്‌കില്‍ കയറി അത് പൂര്‍ത്തിയാക്കണം.
അതേസമയം, ഡോവര്‍ തുറമുഖത്ത് യാത്രക്കാരുടെ വിവരങ്ങള്‍ റെജിസ്റ്റര്‍ ചെയ്യന്‍ ജീവനക്കാര്‍ ഐപാഡുകള്‍ ഉപയോഗിക്കും. കോച്ചുകള്‍ വെസ്റ്റേണ്‍ ഡോക്ക്‌സില്‍ കിയോസ്‌ക് വഴിയോ ഇ ഗേറ്റുകള്‍ വഴിയോ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. യൂറോസ്റ്റാര്‍ യാത്രക്കാര്‍ യാത്രയ്ക്ക് മുന്‍പായി കിയോസ്‌കുകളില്‍ കയറി വിവരങ്ങള്‍ നല്‍കേണ്ടതുണ്ടെങ്കിലും, യാത്ര സമയത്തിന് 90 മിനിറ്റ് മുന്‍പ് യാത്രക്കാര്‍ എത്തിയിരിക്കണം എന്ന നിബന്ധനയില്‍ മാറ്റം വരുത്തിയിട്ടില്ല.
കിയോസ്‌കില്‍ ചെക്ക് ഇന്‍ കഴിഞ്ഞ്, സെക്യൂരിറ്റി ചെക്കും യു കെ എക്സിറ്റ് ചെക്കും കഴിഞ്ഞാലും ഫ്രഞ്ച് ബോര്‍ഡാര്‍ ഓഫീസില്‍ ഇ ഇ എസ് റെജിസ്‌ട്രേഷന്‍ ചെയ്യേണ്ടതായിട്ടുണ്ട്. അവിടെ വിരലടയാളം ഒരിക്കല്‍ കൂടി സ്‌കാന്‍ ചെയ്യും. ഒരിക്കല്‍ റെജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തേക്ക് അതിന് സാധുതയുണ്ടായിരിക്കും. അടുത്ത മൂന്ന് വര്‍ഷക്കാലം യാത്ര പോകുമ്പോള്‍ വിരലടയാളം സ്‌കാന്‍ ചെയ്യേണ്ടതായി വരില്ല. അവര്‍ക്ക് കിയോസ്‌കുകളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വരുമെങ്കിലും ഫ്രഞ്ച് ചെക്ക്‌പോസ്റ്റുകളില്‍ ഗെയ്റ്റ് വഴി പോകാന്‍ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല