സ്വന്തം ലേഖകന്‍: ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതം പരസ്യമാക്കാനൊരുങ്ങി ടിവി ചാനല്‍, എതിര്‍പ്പുമായി രാജകുടുംബം. ഡയാന ചാള്‍സ് രാജകുമാരനും തമ്മിലുള്ള വിവാഹ മോചനത്തിന് ഇടയാക്കിയ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ പ്രൈം ടിവി, ചാനല്‍ ഫോറിലൂടെയാണ് ഞായറാഴ്ച രാത്രി ഡയാന രാജകുമാരിയുടെ ദാമ്പത്യത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും പരാമര്‍ശിക്കുന്ന ടേപ്പ് പുറത്ത് വിടുന്നത്.
ചാള്‍സ് രാജകുമാരനുമായുള്ള വിവാഹം തകര്‍ന്നതിലുള്ള സങ്കടങ്ങളും സ്വകാര്യ നിമിഷങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ഉള്‍പ്പെടുന്നതാണ് സംഭാഷണമെന്നാണ് സൂചന. എന്നാല്‍ ചാനലിന്റെ നീക്കത്തിനെതിരെ രാജകുടുംബാംഗങ്ങള്‍ രംഗത്തെത്തി. ഡയാനയുടെ അപകട മരണത്തിന്റെ 20 മത് വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന ഡോക്യുമെന്ററിയുടെ ഭാഗമായാണ് ചാനല്‍ ടേപ്പ് സംപ്രേഷണം ചെയ്യുന്നത്. വിവാഹബന്ധം തകര്‍ന്ന 1992 93 കാലത്തു പ്രഭാഷണ പരിശീലകനായ പീറ്റര്‍ സെറ്റ്‌ലന്‍ റെക്കോര്‍ഡ് ചെയ്തതാണീ സംഭാഷണം.
കാമില പാര്‍ക്കറുമായുള്ള ചാള്‍സിന്റെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമായതെന്ന് ഡയാന പറയുന്നു. തന്നില്‍ ചാള്‍സിന് താല്‍പര്യമില്ലെന്നും ഡയാന സങ്കടപ്പെടുന്നു. രഹസ്യബന്ധം തുടരാനായി ചാള്‍സിനു പിതാവ് ഫിലിപ്പ് രാജകുമാരന്റെ അനുമതി ലഭിച്ചിരുന്നതായും ഡയാന ആരോപിക്കുന്നു. ചാള്‍സ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്നു ഡയാന സ്‌പെന്‍സര്‍.
സമ്പന്നമായ സ്‌പെന്‍സര്‍ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ചാള്‍സ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് ഡയാന പ്രശസ്തയാവുന്നത്. വിവാഹശേഷം ഡയാനയും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ലോകമാധ്യമങ്ങള്‍ വിടാതെ പിന്തുടര്‍ന്നിരുന്ന ആഘോഷിക്കപ്പെട്ട ഒരു വ്യക്തിത്വമായി മാറിയ ഡയാന 1996 ഓഗസ്റ്റ് 28 ന് ചാള്‍സ് രാജകുമാരനില്‍ നിന്നും വിവാഹ മോചനം നേടി. 1997 ഓഗസ്റ്റ് 31 ന് ഫ്രാന്‍സിലെ പാരീസില്‍ വച്ചുണ്ടായ ഒരു കാറപകടത്തില്‍ ഡയാന കൊല്ലപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല