സ്വന്തം ലേഖകൻ: കുവൈത്തിലെ വീടുകള്‍, റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവയുടെ കോണിപ്പടികളില്‍ എന്തെങ്കിലും സാധനങ്ങള്‍ വയ്ക്കുന്നത് കുറ്റകരമാണെന്നും നിയമം ലംഘിക്കുന്നവരില്‍ നിന്ന് 500 ദിനാര്‍ പിഴ ഈടാക്കുമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് പിന്നീട് വ്യക്തമായി.
കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതരെ ഉദ്ധരിച്ചാണ് ഒരു പ്രാദേശിക പത്രത്തിന്റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിച്ചത്. സോഷ്യല്‍ മീഡിയ ഇത് ഏറ്റുപിടിക്കുകയും ചെയ്തു. കോണിപ്പടികളില്‍ ഷൂ റാക്കുകള്‍, ചെറിയ കാബിനുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തുടങ്ങിയ വയ്ക്കരുതെന്ന രീതിയിലായിരുന്നു പ്രചാരണം.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പ് തങ്ങള്‍ നല്‍കിയിട്ടില്ലെന്നും സോഷ്യല്‍ മീഡിയ ചാനലുകളില്‍ തങ്ങളെ ഉദ്ധരിച്ച് വരുന്ന ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കുവൈത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രമേ വിവരങ്ങള്‍ സ്വീകരിക്കാവൂ എന്നും ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ഔദ്യോഗികമല്ലാത്ത ഇടങ്ങളിൽ നിന്നും വരുന്ന വിവരങ്ങൾ വിശ്വസിക്കരുത്. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അതുകൊണ്ടാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വാടക അപ്പാര്‍ട്ടുമെന്റുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്നും അത്തരം തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ ബില്‍ഡിംഗ് വാച്ച്മാന്‍മാരെ ചുമതലപ്പെടുത്തിയതായും അറിയിപ്പില്‍ പറഞ്ഞിരുന്നു. നിയമം ലംഘിക്കുന്ന കെട്ടിട ഉടമകളില്‍ നിന്ന് 500 ദിനാര്‍ പിഴ ഈടാക്കുമെന്നും, കൂടാതെ, സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് ഭൂവുടമകള്‍ക്കും കെട്ടിട വാച്ചര്‍മാര്‍ക്കും നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നേക്കാമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
അല്‍ മംഗഫിലുണ്ടായ തീപ്പിടിത്തത്തില്‍ അമ്പതോളം പേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ കെട്ടിടങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ക്കെതിരേ അധികൃതര്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോവുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു തെറ്റായ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. അതുകൊണ്ടു തന്നെ ഈ തെറ്റായ വാര്‍ത്തയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണം ലഭിക്കുകയും ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക സംഘം നടത്തുന്ന പരിശോധനയില്‍ പല ലേബര്‍ ക്യാംപുകളിലും മറ്റ് താമസ ഇടങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിച്ചുവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല