![](https://www.nrimalayalee.com/wp-content/uploads/2022/04/Charcoal-Ukrainian-Sniper-Lady-Death-.jpg)
സ്വന്തം ലേഖകൻ: റഷ്യ യുക്രൈൻ യുദ്ധത്തിൽ സ്നൈപ്പർമാരുടെ പങ്കും നന്നായി ചർച്ചയാകുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള സ്നൈപ്പറായ വാലി എന്ന കനേഡിൻ സൈനികൻ ഉൾപ്പെടെ യുദ്ധത്തിൽ അണി ചേർന്നിരുന്നു. ഇപ്പോൾ തരംഗമാകുന്നത് യുക്രൈൻ സൈന്യത്തിന്റെ ഭാഗമായുള്ള ‘ചാർക്കോൾ’ എന്നറിയപ്പെടുന്ന ഒരു വനിതാ സ്നൈപ്പറാണ്. റഷ്യക്കാരെ ഏതു വിധേനയും തോൽപിച്ച് കീഴ്പ്പെടുത്തണമെന്നുള്ള ഈ സ്നൈപ്പറുടെ ആഹ്വാനം വലിയ ഹർഷാരവത്തോടെയാണ് യുക്രൈനിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്.
യഥാർഥ നാമം എന്തെന്ന് ഇതുവരെ വെളിപ്പെടുത്താത്ത ചാർക്കോൾ യുക്രൈൻ മറീൻസ് സേനയുടെ ഭാഗമായത് 2017ലാണ്. തുടർന്ന് റഷ്യൻ പിന്തുണയുള്ള യുക്രൈനിയൻ വിമത മേഖലകളായ ലുഹാൻസ്കിലും ഡോനെറ്റ്സ്കിലും യുദ്ധത്തിൽ ഏർപ്പെട്ടു. അടുത്ത കാലത്ത് റഷ്യൻ സേനയ്ക്കെതിരായ ചെറുത്തുനിൽപിന്റെ ചിഹ്നങ്ങളിലൊന്നായി ചാർക്കോൾ മാറി. ദിവസവും അഞ്ച് മുതൽ ആറ് വരെ റഷ്യൻ പടയാളികളെ ചാർക്കോൾ തന്റെ സ്നൈപ്പർ റൈഫിൾ ഉപയോഗിച്ച് കൊലപ്പെടുത്തുന്നുണ്ടത്രേ. ചാർക്കോളിന്റെ മുഖം ഇതുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ഒരു മാസ്ക് കൊണ്ട് മറച്ച നിലയിലാണ് ഇത്.
ജനുവരിയിൽ സൈനികസേവനം നിർത്തി സാധാരണ ജീവിതത്തിലേക്കു പ്രവേശിച്ചതാണു ചാർക്കോൾ. എന്നാൽ യുദ്ധം ഉടലെടുത്തതോടെ റിയർ അഡ്മിറൻ മിഖൈലോ ഓസ്ട്രോഗ്രാഡ്സ്കി നയിക്കുന്ന 35ാം ഇൻഫൻട്രി ബ്രിഗേഡിലേക്കു ചാർക്കോൾ മടങ്ങിയെത്തി. വിഖ്യാത വനിതാ സ്നൈപ്പറായ ല്യുദ്മില പാവ്ലിചെങ്കോയുമായാണു ചാർക്കോൾ പലപ്പോഴും താരതമ്യപ്പെടുന്നത്. യുക്രൈനിൽ ജനിച്ച ല്യുദ്മില, ലേഡി ഡെത്തെന്നായിരുന്നു പണ്ട് ല്യുദ്മില അറിയപ്പെട്ടത്. ലോകത്തിലെ ഏറ്റവും വിജയകരമായ പ്രൊഫൈലുള്ള വനിതാ സ്നൈപ്പറെന്ന ഖ്യാതിയുള്ള ല്യുദ്മില, 309 നാത്സി പടയാളികളെ രണ്ടാം ലോകയുദ്ധകാലത്ത് കൊന്നു.
റഷ്യൻ നിരയിലും അതീവ മാരകശേഷിയുള്ള വനിതാ സ്നൈപ്പർമാർ അണിനിരക്കുന്നുണ്ട്. ഇവരിലൊരാളാണു ബാഗിറ.
റുഡ്യാർഡ് കിപ്ലിങ്ങിന്റെ ഒരു കൃതിയിലെ കരിമ്പുലിയുടെ പേരു വഹിക്കുന്ന ഈ വനിതാ സ്നൈപ്പർ കഴിഞ്ഞയാഴ്ച യുക്രൈന്റെ പിടിയിലായി. ഇറിന സ്റ്റാറിക്കോവയെന്നാണു ബാഗിറയുടെ യഥാർഥ നാമം. തന്റെ കരിയറിൽ നാൽപതിലേറെ യുക്രൈൻകാരെ ഇവർ കൊലപ്പെടുത്തിയിട്ടുണ്ടത്രേ. ഇവരെപ്പറ്റിയുള്ള വിവരങ്ങളും പലതും സ്ഥിരീകരിക്കപ്പെടാത്തതാണ്. സെർബിയയിലാണ് ഇവർ ജനിച്ചതെന്നും ബെലാറൂസിൽ നിന്നുള്ള അലക്സാണ്ടർ ഒഗ്രെനിച്ച് എന്നയാളാണ് ഇവരുടെ ഭർത്താവെന്നും കരുതപ്പെടുന്നു. രണ്ടു മക്കളും ഇവർക്കുണ്ടത്രേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല