1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2025

സ്വന്തം ലേഖകൻ: ഉത്സവ സീസണുകളിലുൾപ്പെടെയുള്ള അനിയന്ത്രിത വിമാന നിരക്ക് വർധനയും വിമാനത്താവളങ്ങൾ യാത്രക്കാരിൽ നിന്നീടാക്കുന്ന അമിത യൂസർഫീസും നിയന്ത്രിക്കാത്തത് കൈയും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി. ബുധനാഴ്ച ചെയർമാൻ കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി യോഗത്തിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ വ്യോമയാന മന്ത്രാലയത്തിന്റെയും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെയും (ഡി.ജി.സി.എ.) എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റിയുടെയും (എ.ഇ.ആർ.എ.) നിസ്സംഗ നിലപാടിൽ എതിർപ്പറിയിച്ചു.

നിരക്ക് വർധന വിപണിയധിഷ്ഠിത മത്സരത്തിന്റെ ഭാഗമായുണ്ടാകുന്നുവെന്നല്ലാതെ ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിച്ചു എന്ന് വിശദീകരിക്കാൻ വ്യോമയാന മന്ത്രാലയ സെക്രട്ടറിക്കോ ഡി.ജി.സി.എ.-എ.ഇ.ആർ.എ. ഡയറക്ടർക്കോ സാധിച്ചില്ല. അതിനാൽ ഇക്കാര്യത്തിൽ എന്തൊക്കെ നടപടി സ്വീകരിക്കാനാവുമെന്ന് വ്യക്തമാക്കുന്ന കൃത്യമായ മറുപടി 15 ദിവസത്തിനുള്ളിൽ നൽകണമെന്ന് കമ്മിറ്റി ഇവരോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കമ്മിറ്റി വീണ്ടും ഇവരെ വിളിച്ചുവരുത്തും. കമ്മിറ്റി സ്വമേധയാ ആണ് ഇവരെ വിളിച്ചുവരുത്തിയത്. സിറ്റിങ്ങിൽ വിഷയത്തിൽ വ്യക്തമായ മറുപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗത്തിന് ശേഷം കെ.സി. വേണുഗോപാൽ പറഞ്ഞു.

വിമാനനിരക്കും യൂസർഫീയും കുതിച്ചുയരുമ്പോൾ ഡി.ജി.സി.എയോ വ്യോമയാന മന്ത്രാലയമോ നടപടി സ്വീകരിക്കാത്തതിൽ ബി.ജെ.പി. അംഗങ്ങളായ രവിശങ്കർ പ്രസാദും അനുരാഗ് സിങ് താക്കൂറും അടക്കമുള്ളവർ യോഗത്തിൽ വിമർശനമുന്നയിച്ചു. സ്വകാര്യ ഓപ്പറേറ്റർമാരുടെ പ്രവർത്തനത്തിൽ ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കുന്നതിൽ നിലവിലുള്ള സംവിധാനം പരാജയപ്പെട്ടുവെന്ന് മിക്ക എം.പിമാരും ചൂണ്ടിക്കാട്ടി. സ്വകാര്യ ഓപ്പറേറ്റർമാർ നിരക്ക് നിശ്ചയിക്കും മുമ്പ് കൂടിയാലോചനയ്ക്കായി അർധ ജുഡീഷ്യൽ സംവിധാനം ഒരുക്കണമെന്ന നിർദേശവും ഉയർന്നു.

ഡി.ജി.സി.എ., എ.ഇ.ആർ.എ. മേധാവികൾ നൽകിയ ഉത്തരങ്ങളിലൊന്നും എം.പി.മാർ തൃപ്തരായില്ല. പ്രധാന വിമാനത്താവളങ്ങൾ ഉൾക്കൊള്ളുന്ന എയറോനോട്ടിക്കൽ, നോൺ എയറോനോട്ടിക്കൽ സേവനങ്ങളുടെ നിരക്ക് നിയന്ത്രിക്കുന്നതാണ് എ.ഇ.ആർ.എ.യുടെ ചുമതല. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന യൂസർഫീസാണ് എയറോനോട്ടിക്കൽ വരുമാനം. എക്‌സ്‌റേ പരിശോധന, പാർക്കിങ്, ലെവി തുടങ്ങിയവ നോൺ എയറോനോട്ടിക്കൽ വരുമാനവും. ഈ വരുമാനമാണ് വിമാനത്താവളങ്ങളുടെ വികനസത്തിനായി ഉപയോഗിക്കുന്നത്. ഡി.ജി.സി.എ. പ്രധാനമായും സുരക്ഷാ പ്രശ്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.