സ്വന്തം ലേഖകൻ: അമേരിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച് നാല് സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 73കാരന്‍ പിടിയില്‍. ഇന്ത്യന്‍ പൗരനായ ബാലസുബ്രഹ്‌മണ്യന്‍ രമേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 മണിക്കൂറിനിടെ നാല് സ്ത്രീകള്‍ക്ക് നേരെഏഴ് തവണ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്ക് 21 വര്‍ഷം വരെ തടവ് ലഭിക്കാനും സാധ്യതയുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നവംബര്‍ 25ന് ബാലസുബ്രഹ്‌മണ്യനെ സിംഗപ്പൂരിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പരാതിക്കാരായ സ്ത്രീകളിലൊരാളെ നാല് തവണയും ബാക്കി മൂന്നുപേരെ ഓരോ തവണയും ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. വ്യത്യസ്ത സമയങ്ങളിലാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. പരാതിക്കാരായ സ്ത്രീകളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല.
സംഭവം നടന്ന ദിവസം പുലര്‍ച്ചെ 3.15നാണ് ഇയാള്‍ ആദ്യത്തെ സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. അഞ്ച് മിനിറ്റിന് ശേഷം മറ്റൊരു സ്ത്രീയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു. പുലര്‍ച്ചെ 3.30യ്ക്കും 6നും ഇടയില്‍ രണ്ടാമത്തെ സ്ത്രീയ്ക്ക് നേരെ മൂന്ന് തവണ ഇയാള്‍ ലൈംഗികാതിക്രമം നടത്തി. രാവിലെ 9.30യ്ക്കും വൈകുന്നേരം അഞ്ച്മണിയ്ക്കും ഇടയിലാണ് മൂന്നാമത്തെയും നാലാമത്തെയും സ്ത്രീകള്‍ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്.
സിംഗപ്പൂരിലെ നിയമം അനുസരിച്ച് ഓരോ ലൈംഗികാതിക്രമ കുറ്റത്തിനും മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലൈംഗികാതിക്രമ കേസിലുള്‍പ്പെട്ട പ്രതികള്‍ക്ക് ചൂരല്‍ കൊണ്ടുള്ള അടിയും സിംഗപ്പൂരില്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍ 50വയസിന് മുകളില്‍ പ്രായമുള്ളവരെ ഈ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാലസുബ്രഹ്‌മണ്യന് 73 വയസ് കഴിഞ്ഞതിനാല്‍ ഇയാളെ ഈ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി.
സമാനമായ സംഭവം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് അടുത്തിരുന്ന യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച 45കാരനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ഒക്ടോബര്‍ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാകേഷ് ശര്‍മ്മ എന്നയാളാണ് വിമാനത്തിലെ യാത്രക്കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. വിമാനത്തിലെ വിന്‍ഡോ സീറ്റിലിരിക്കുകയായിരുന്ന യാത്രക്കാരിയെ പിന്നിലിരുന്ന പ്രതി ലൈംഗികചുവയോടെ സ്പര്‍ശിച്ചുവെന്നായിരുന്നു ആരോപണം. ഈ വിവരം അപ്പോള്‍ തന്നെ ഫ്‌ളൈറ്റിലെ ജീവനക്കാരെ അറിയിച്ചുവെന്നും പരാതിക്കാരി പറഞ്ഞു. വിമാനം ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയയുടനെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല