ബ്രിട്ടണ്‍ ലോകത്തെ ഏറ്റവും മനോഹരമായ ജീവിതശൈലിയുള്ള രാജ്യങ്ങളിലൊന്നായിട്ടാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പഴയ രാജകീയ പ്രൗഢിയും ഗാംഭീര്യവുമെല്ലാം നിലനിര്‍ത്തുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം തന്നെയാണ് ബ്രിട്ടണ്‍. അതുകൊണ്ടുതന്നെയാണ് കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന രാജ്യമായി ബ്രിട്ടണ്‍ മാറുന്നതും. എന്നാല്‍ കാര്യങ്ങളൊക്കെ മാറിയിരിക്കുകയാണ്. സാമ്പത്തികമാന്ദ്യം കാര്യങ്ങളെ വലിയ കുഴപ്പങ്ങളിലെത്തിച്ചിരിക്കുന്നു.
കുടുംബബന്ധങ്ങളിലും മറ്റും ഉണ്ടായിരിക്കുന്ന അന്തഛിദ്രങ്ങള്‍ സമൂഹത്തില്‍ രൂക്ഷമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ വാര്‍ത്തയും വെളിയില്‍ വരുന്നത്. ബ്രിട്ടണിലെ വീടുകളില്‍നിന്ന് ഒരുവര്‍ഷം ആയിരക്കണക്കിന് കുട്ടികള്‍ ഒളിച്ചോടുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓരോ അഞ്ച് മിനിറ്റിലും വീടുകളില്‍നിന്ന് ഒരു കുട്ടിയെങ്കിലും ഓടിപ്പോകുന്നുണ്ട് എന്നാണ് ജീവകാരുണ്യ സംഘടന നടത്തിയിരിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
പതിനാറ് വയസുള്ള 84,000 കുട്ടികളെ എടുക്കുമ്പോള്‍ ഇവരില്‍ പലരും ഒരു വര്‍ഷത്തിനിടയില്‍ ഒരുതവണയെങ്കിലും പാതിരാത്രിയില്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടിയിട്ടുള്ളവരാണെന്ന് സംഘടന വെളിപ്പെടുത്തുന്നു. ഇവരില്‍ പതിനേഴ് ശതമാനം കുട്ടികള്‍ക്കും തങ്ങള്‍ ഒളിച്ചോടിയെന്ന പേരില്‍ മാതാപിതാക്കള്‍ വാര്‍ത്ത കൊടുത്തിട്ടുണ്ട് എന്ന് അറിയുന്നവരാണ്. എന്നാല്‍ പതിമൂന്ന് ശതമാനം കുട്ടികള്‍ക്ക് അതിനെക്കുറിച്ച് ധാരണയില്ല. കുട്ടികള്‍ ഒളിച്ചോടിയാലും മാതാപിതാക്കള്‍ പോലീസിനെ അറിയിക്കുന്നുണ്ടോ എന്ന കാര്യത്തിലുള്ള ഉത്കണ്ഠയാണ് പോലീസ് പങ്കുവെയ്ക്കുന്നത്.
മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങളും വീടിന്റെ അന്തരീക്ഷം മാറിയതുമെല്ലാം ഇതിന് കാരണങ്ങളാണെന്ന് സംഘടന വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ മാത്രം കണക്കെടുത്താല്‍തന്നെ കാര്യങ്ങള്‍ ഭീതിജനകമായ വിധത്തില്‍ രൂക്ഷമാണെന്ന് സംഘടന പ്രതിനിധികള്‍ വെളിപ്പെടുത്തുന്നു. 1999 മുതല്‍ വീട്ടില്‍നിന്ന് ഓടിപ്പോകുന്ന കുട്ടികളെക്കുറിച്ച് പഠനം നടത്തുന്ന സംഘടനയാണ് ഇക്കാര്യങ്ങള്‍ വെളിയില്‍ വിട്ടിരിക്കുന്നത്. കൃത്യമായ ബോധവത്കരണത്തിലൂടെ മാതാപിതാക്കളെ കാര്യങ്ങള്‍ മനസിലാക്കിക്കുകയാണ് ഏറ്റവും നല്ല വഴിയെന്നാണ് ആരോഗ്യവിദഗ്ദരും മനശാസ്ത്രജ്ഞരും വെളിപ്പെടുത്തുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല