സ്വന്തം ലേഖകന്‍: അമേരിക്കയെ വിറപ്പിച്ച പരമ്പര കൊലയാളിയും വിവാദ ആത്മീയ നായകനുമായ ചാള്‍സ് മാന്‍സണ്‍ മരിച്ചു. നാലര പതിറ്റാണ്ടിലേറെയായി ജയിലില്‍ കഴിയുന്ന മാന്‍സണ്‍ ഈ മാസം ആദ്യം മുതല്‍ കാലിഫോര്‍ണിയയിലെ ബേകേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 83 മത്തെ വയസ്സിലാണ് അന്ത്യം. എന്തും ചെയ്യാന്‍ സന്നദ്ധരായി കൂടെനിന്ന അനുയായികളെ ഉപയോഗിച്ച് 1969ലാണ് നടി ഷാരോണ്‍ ടെയിറ്റ് ഉള്‍പ്പെടെ ഒമ്പതു പ്രമുഖരെ ദാരുണമായി കൊലപ്പെടുത്തുന്നത്.
1971ല്‍ വധശിക്ഷക്കു വിധിക്കപ്പെട്ടെങ്കിലും കാലിഫോര്‍ണിയ സംസ്ഥാനം വധശിക്ഷ തല്‍ക്കാലം നിര്‍ത്തിവെച്ചതോടെ ജീവപര്യന്തമായി കുറക്കുകയായിരുന്നു. പലതവണ പരോളിനായി ശ്രമിച്ചെങ്കിലും അനുവദിക്കപ്പെട്ടിരുന്നില്ല. ലോസ് ആഞ്ജലസ് നഗരത്തിലെ സമ്പന്ന മേഖലയില്‍ അനുയായികളായ മൂന്നു പേരടങ്ങുന്ന സംഘമാണ് രണ്ടു ദിവസത്തിനിടെ ഏഴു പേരെ ആദ്യം കൊലപ്പെടുത്തിയത്. ഇതില്‍ ഒമ്പതു മാസം ഗര്‍ഭിണിയായ നടി ഷാരോണ്‍ ടെയിറ്റും അതിസമ്പന്നരായ ലെനോ^ റോസ്‌മേരി ദമ്പതികളും ഉള്‍പ്പെടും.
ദിവസങ്ങള്‍ കഴിഞ്ഞ് സംഗീതജ്ഞരായ ഗാരി ഹിന്‍മാന്‍, ഡോണള്‍ഡ് ഷീ എന്നിവരെയും കൊലപ്പെടുത്തി. കൊലപാതകം വംശീയാക്രമണമായി വരുത്തി കറുത്തവര്‍ക്കെതിരെ ജനങ്ങളെ തെരുവിലിറക്കുകയായിരുന്നു ലക്ഷ്യം. അമേരിക്ക വംശീയ യുദ്ധത്തിനരികെയാണെന്നും യുദ്ധം കഴിയുന്നതോടെ താന്‍ അമേരിക്കയുടെ നേതാവാകുമെന്നും അനുയായികളെ വിശ്വസിപ്പിക്കുന്നതിലും മാന്‍സണ്‍ വിജയിച്ചു. ഈ കൊലപാതക പരമ്പര നിരവധി പുസ്തകങ്ങള്‍, സിനിമകള്‍, സംഗീതാവിഷ്‌കാരങ്ങള്‍ എന്നിവക്ക് പ്രമേയമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല