![](https://www.nrimalayalee.com/wp-content/uploads/2022/12/Serial-Killer-Charles-Sobhraj-To-Be-Released-From-Nepal-Jail.jpg)
സ്വന്തം ലേഖകൻ: ജയില്‍ മോചിതനായതിന് ശേഷം തന്റെ ജീവിതം മകള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും എഴുത്തിലും വ്യവസായത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചാള്‍സ് ശോഭ് രാജ്. കഴിഞ്ഞ ദിവസമാണ് ചാള്‍സിനെ നേപ്പാള്‍ ജയില്‍ മോചിതനാക്കി ഫ്രാന്‍സിലേക്ക് നാടുകടത്തിയത്.
2016 ല്‍ തന്റെ ജയില്‍മോചനം ഉറപ്പായ സമയത്ത് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഇമെയില്‍ അഭിമുഖത്തില്‍ ചാള്‍സ് തന്റെ ഭാവി പദ്ധതികള്‍ എന്തെല്ലാമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിട്ടയച്ചതിന് ശേഷം മാത്രമെ പ്രസിദ്ധീകരിക്കാവൂ എന്ന നിബന്ധനയില്‍ നല്‍കിയ അഭിമുഖം ജയില്‍ മോചനത്തിന് പിന്നാലെ പ്രസിദ്ധീകരിച്ചു.
ഫ്രാന്‍സിലുള്ള തന്റെ കുടുംബത്തിനടുത്തേക്കാണ് പോവുക. ജീന്‍ ചാഴ്‌സ് ഡെനിവുമായി ചേര്‍ന്നെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കണം. പ്രചാരണ പരിപാടികളിലും ഡോക്യുമെന്ററി നിര്‍മാണങ്ങളിലും വ്യാപൃതനാകണം. മറ്റൊരു എഴുത്ത് തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തിയാക്കണം. ചാള്‍സ് പറഞ്ഞു.
പാരീസില്‍ ചാള്‍സിന് ഒരു മകളുണ്ട്. നേപ്പാളിലായിരുന്നപ്പോള്‍ തന്റെ അഭിഭാഷകന്റെ മകളെ ചാള്‍സ് വിവാഹം ചെയ്തിരുന്നു. പുണെയിലുള്ള മൂന്ന് സഹോദരിമാരെപോലെ കാണുന്ന സുഹൃത്തുക്കളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ചാള്‍സ് പറഞ്ഞു.
മോചിതനായതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് കൂടുതലൊന്നും ചാള്‍സ് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. തുടര്‍ന്നുള്ള ജീവിതത്തിന് തനിക്ക് സാമ്പത്തിക പ്രതിസന്ധിയൊന്നും തന്നെയില്ലെന്നും തന്റെ ശാരീരികാരോഗ്യവും മനസികാരോഗ്യവും നല്ലരീതിയില്‍ തന്നെയാണെന്നും ചാള്‍സ് അന്ന് പറഞ്ഞു.
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറുമായുള്ള പരിചയത്തെ കുറിച്ചും 1999 ല്‍ മസൂദ് അസറിന്റെ മോചനത്തിന് വഴിവെച്ച വിമാന റാഞ്ചലിലെ ബന്ദികളെ മോചിപ്പിക്കുന്നതില്‍ താന്‍ നടത്തിയ ഇടപെടലുകളെ കുറിച്ചും ചാള്‍സ് വിശദമാക്കുന്നുണ്ട്. ഇതിന് വേണ്ടി ഭാഗമായി അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്തി സിങ് താനുമായി ബന്ധപ്പെട്ടിരുന്നുവെന്നും. അന്ന് തന്റെ ഇടപെടലിലൂടെ ബന്ദികളെ സുരക്ഷിതരാക്കാനും ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം ലഭിക്കുന്നതിനും സാധിച്ചുവെന്നും ചാള്‍സ് അഭിമുഖത്തില്‍ പറഞ്ഞു.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 1970-കളില്‍ ഭീതിവിതച്ച ഫ്രഞ്ച് കൊലയാളിയാണ് ചാള്‍സ് ശോഭ് രാജ് (78). ചാള്‍സിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. 1975-ല്‍ രണ്ട് യുഎസ്. വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ 19 വര്‍ഷമായി തടവില്‍ക്കഴിയുന്ന ശോഭ് രാജിന്റെ പ്രായം കണക്കിലെടുത്താണ് വിട്ടയക്കാനുള്ള ഉത്തരവ്. 21 വര്‍ഷത്തേക്കാണ് ശിക്ഷിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല