ഫ്രാന്‍സിലെ പ്രമുഖ പ്രതിവാര ആക്ഷേപഹാസ്യ വാരികയായ ചാര്‍ലീ ഹെബ്ദോയുടെ പാരീസിലെ ഓഫീസില്‍ പെട്രോള്‍ ബോംബാക്രമണം. വാരികയുടെ കവര്‍പേജിലെ കാര്‍ട്ടൂണാണ് ഒരുവിഭാഗത്തെ പ്രകോപിതമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അറബ് രാജ്യങ്ങളിലെ ജനകീയപ്രക്ഷോഭത്തെ ആസ്പദമാക്കിയുള്ള പുതിയ ലക്കം ഇന്നു പ്രസിദ്ധീകരിക്കാനിരിക്കെയാണ് അജ്ഞാതര്‍ ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞത്. കംപ്യൂട്ടറുകളും രേഖകളുമെല്ലാം കത്തിച്ചാമ്പലായി.
വാരികയ്ക്കുനേരെ സൈബര്‍ ആക്രമണവുമുണ്ടായി. ഇസ്ലാമിസ്റുകളുടെ ഭീഷണിക്കു വഴങ്ങില്ലെന്നും വാരികയുടെ പ്രവര്‍ത്തനം തുടരുമെന്നും എഡിറ്റര്‍ സ്റെഫാനി ഷാര്‍ബണിയര്‍ വ്യക്തമാക്കി. അതേസമയം, ടുണീഷ്യയില്‍ ഇസ്‌ലാമിക പാര്‍ട്ടിയായ എന്നഹ്ദയുടെ വിജയം ആഘോഷിച്ചുകൊണ്ടാണ് തങ്ങള്‍ പുതിയ ലക്കം പുറത്തിറക്കുന്നതെന്ന് മാഗസിന്റെ മുഖ്യ പത്രാധിപര്‍ സ്റ്റീഫന്‍ ഷര്‍ബോണിര്‍ പറഞ്ഞു. ജനാധിപത്യ വിപ്ലവം വിജയിച്ച ടുണീഷ്യ, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇസ്‌ലാമിക പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നാലുണ്ടാവുന്ന അവസ്ഥയാണ് മാഗസിന്‍ നര്‍മം കലര്‍ത്തി അവതരിപ്പിച്ചത്.
നേരത്തേ ഡെന്‍മാര്‍ക്ക് പത്രത്തില്‍ വന്ന പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഏറെ വിവാദമായിരുന്നു. 2007-ല്‍ ഈ കാര്‍ട്ടൂണ്‍ ചാര്‍ലി ഹെബ്‌ഡോ പുനഃപ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ഫ്രാന്‍സിലെ രണ്ട് ഇസ്‌ലാമിക സംഘടനകള്‍ പരാതി നല്‍കിയിരുന്നെങ്കിലും കോടതി കേസ് തള്ളുകയാണുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല