ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി യെബ്ദോയുടെ പ്രത്യേക പതിപ്പ് വിറ്റ ന്യൂസ് ഏജന്റുമാരെ യുകെ പൊലീസ് ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ട്. യുകെ പത്രമായ ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വില്‍റ്റ്‌ഷെയര്‍, വെയ്ല്‍സ്, ചെസ്‌ഷെയര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഷാര്‍ലി യെബ്ദോ മാഗസീന്‍ വിറ്റ റീട്ടെയിലര്‍മാരെ സമീപിച്ച് മാഗസിന്‍ വാങ്ങിയ ആളുകളുടെ വിവരങ്ങളും മറ്റും ചോദിച്ചറിഞ്ഞതായാണ് വിവരം. ഇത് സ്ഥിരീകരിച്ച് കൊണ്ട് വില്‍റ്റ്‌ഷെയര്‍ പൊലീസ് തിങ്കളാഴ്ച്ച മാപ്പ് ചോദിച്ചു. അവശേഷിച്ചവരുടെ പതിപ്പ് (സര്‍വൈവേഴ്‌സ് ഇഷ്യു) എന്ന പേരിലാണ് പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയ ഷാര്‍ലി യെബ്ദോ പുറത്തിറക്കിയത്. തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മാഗസിന്റെ മുകള്‍തട്ടിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ എല്ലാം കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുറവിളി ഉയര്‍ത്തിക്കൊണ്ട് അവശേഷിച്ചവരുടെ പതിപ്പ് പുറത്തിറങ്ങിയത്.
വില്‍റ്റ്‌ഷെയറിലേത് ഒറ്റപ്പെട്ട സംഭവമല്ല, കോര്‍ഷാം പൊലീസും, ചെസ്‌ഷെയര്‍, ഡിഫ്ഡ് പൊവീസ് പൊലീസ് എന്നിവരും ന്യൂസ് ഏജന്റുമാരെ അന്വേഷണ വിധേയമായി സമീപിച്ചിരുന്നു.
എന്നാല്‍ റീട്ടെയിലര്‍മാരുടെ പക്കല്‍ നിന്നും ആരൊക്കെ മാഗസിന്‍ വാങ്ങി എന്ന ചോദ്യം തന്നെ ചിരിപ്പിക്കുന്നതാണെന്നാണ് ഫ്രീ എക്‌സ്പ്രഷന്‍ ക്യാംപെയന്‍ ഗ്രൂപ്പിന്റെ പ്രതികരണം. നിയമപരമായി പ്രസിദ്ധീകരിക്കുന്ന ഒരു മാഗസിന്റെ കോപ്പി കൈയ്യില്‍ വെയ്ക്കുന്നത് ക്രിമിനല്‍ കുറ്റമാണെങ്കില്‍ താനും ഒരു കുറ്റവ ാളിയാണെന്ന് തുറന്ന് പറയേണ്ടി വരുമെന്ന് ക്യാംപെയ്ന്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോഡി ഗിന്‍സ്‌ബെര്‍ഗ് പറഞ്ഞു.
വെയ്ല്‍സിലും മറ്റ് സ്ഥലങ്ങളിലുമുള്ള റീട്ടെയില്‍ വ്യാപാരികളുമായി ഗാര്‍ഡിയനിലെ മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ സമീപിച്ചിരുന്നതായും മാഗസിന്‍ വാങ്ങിയ ആളുകളുടെയ പേരും വിവരങ്ങളും മറ്റും ചോദിച്ചിരുന്നതായി സ്ഥിരീകരിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല