അപ്പച്ചന്‍ കണ്ണന്‍ചിറ
ഇംഗ്ലണ്ട്:യുറോപ്പിലെ സീറോ മലബാര്‍ സഭയുടെ സുവര്‍ണ്ണ നിമിഷങ്ങളിലെ അഭിമാനം പങ്കു വെക്കുക ആത്മീയതയിലും പാരമ്പര്യത്തിലും തീക്ഷ്ണത പുലര്‍ത്തുന്നതും,സഭയുടെ യു കെ യിലെഅഭിമാന കേന്ദ്രങ്ങളിലൊന്നുമായ ലങ്കാസ്റ്റര്‍ രൂപതയിലെ ബ്ലാക്ക്പൂള്‍ ദിവ്യകാരുണ്യ സമൂഹവും, അവരുടെ ചാപ്ലിനായി അജപാലന ദൗത്യം ജീവിത സാഫല്യവും,സഭാ വളര്‍ച്ച ഉപാസനയുമാക്കിയ റവ.ഡോ.മാത്യു ജേക്കബ് ചൂരപൊ യികയില്‍ അച്ചനും.
സീറോ മലബാര്‍ സഭയുടെ അനന്യത ശക്തമായി പരിപാലിക്കപ്പെടുമ്പോഴും യു കെ യിലെ ആംഗ്ലെയ റോമന്‍ കത്തോലിക്കാ സഭയുടെ ആധികാരികത പൂര്‍ണ്ണമായും സംരക്ഷിച്ചും പോരുന്ന ലങ്കാസ്റ്ററിലെ ചാപ്ലിന്‍ മാത്യു ചൂരപൊയികയില്‍ അച്ചന്‍ ഈ ചരിത്ര മുഹൂര്‍ത്തത്തിന് നിമിത്തം ആവുന്നതിലൂടെ സഭക്കും,യു കെ യിലെ പ്രവാസി വിശ്വാസി സമൂഹത്തിനും അഭിമാനവും, ഊര്‍ജ്ജവും, പ്രതീക്ഷകളും പകരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും, ആല്‍മാര്‍ത്തമായ സഹകരണവും, പിന്തുണയും, സര്‍വ്വോപരി ദൈവാനുഗ്രഹവും ആണ് ഈ മഹനീയ തുടക്കത്തിനു കാരണമായത് എന്ന് മാത്യു അച്ചന്‍ വിനയ പുരസ്സരം പറയുന്നു.
ലങ്കാസ്റ്റര്‍ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മൈക്കിള്‍ കാമ്പെലിന്റെ പൂര്‍ണ്ണവും, ശക്തവുമായ സഹായവും പിന്തുണയും കൂടി ഒത്തു വന്നതിനാലാണ് ഈ അഭിമാന നേട്ടം സീറോ മലബാര്‍ സഭക്ക് സ്വന്തമാക്കുവാന്‍ ഇടയായത്. വിശുദ്ധരെ അനുസ്മരിക്കുകയും, തിരുന്നാളുകളും, നൊവേനകളും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും,സഭാ ദിനങ്ങളും അതീവ ഭക്തിയോടെ മുടങ്ങാതെ നടത്തുകയും,പരിശുദ്ധ ജപമാല മാസവും, വണക്ക മാസങ്ങളും ഭക്തി പുരസ്സരം ആചരിക്കുകയും ചെയ്യുന്ന ബ്ലാക്ക് പൂളിലെ വിശ്വാസി സമൂഹത്തിനു അതിനാലെ തന്നെയാവാം ഈ ചരിത്ര നേട്ടം കൈവന്നത്.
മാത്യു ചൂരപൊയികയില്‍ അച്ചന്റെ അജപാലന സേവന മികവും,ലങ്കാസ്റ്റര്‍ രൂപതയില്‍ നേടിയെടുത്ത വിശ്വാസവും, ബന്ധവും വഴി സഭക്ക് അഭിമാനം നേടിത്തന്ന പ്രഥമ ഇടവകയുടെ അംഗീകാരത്തില്‍ യു കെ സീറോ മലബാര്‍ സെന്‍ട്രല്‍ കൌണ്‍സില്‍ മാത്യു ചൂരപൊയികയില്‍ അച്ചന് അഭിനന്ദനം അറിയിച്ചു.
ആത്മീയ,അത്മായ വളര്‍ച്ചക്ക് ഉതകുന്ന കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചും, സഭാ പാരമ്പര്യവും, പൈതൃകവും അമൂല്യമായി ഇടവകാ സമൂഹത്തില്‍ നില നിറുത്തിയും,സഭയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശക ചൂണ്ടു ഫലകങ്ങളായ വേദ പാഠവും, സഭാ നിയമങ്ങളും, സുവിശേഷവും പ്രബോധിപ്പിച്ചും അജപാലകനായി പ്രശംശാര്‍ഹമായി പ്രവര്‍ത്തിക്കുകയും, ബ്ലാക്ക് പൂളിലെ സഭാ മക്കള്‍ അകമഴിഞ്ഞ സഹകരണവും പ്രോത്സാഹനവും തിരിച്ചു നല്‍കുകയും ചെയ്തതാണ് സീറോ മലബാര്‍ സഭക്ക് യൂറോപ്പില്‍ സുവര്‍ണ്ണ നേട്ടം കൈവരിക്കുവാന്‍ സാധിച്ചത് എന്ന് താമരശ്ശേരി രൂപതയുടെ മുന്‍ അഭിവന്ദ്യ മെത്രാനും, ലങ്കാസ്റ്ററില്‍ ചാപ്ലിന്‍സിക്ക് അംഗീകാരം ഒരുക്കിത്തരുകയും ചെയ്ത മാര്‍ പോള്‍ ചിറ്റിലപ്പള്ളി പിതാവ് അഭിനന്ദനവും ആശംശകളും നേര്‍ന്നു കൊണ്ട് അഭിപ്രായപ്പെട്ടു.
കുടുംബങ്ങളുടെ മദ്ധ്യസ്ഥനായ വി.ചാവറ പിതാവാണ് 1869 ല്‍ ‘ ഒരു നല്ല അപ്പന്റെ ചാവരുള്‍’ എന്ന പേരില്‍ കേരള മക്കള്‍ക്ക് കുടുംബ ചട്ടങ്ങള്‍ എഴുതി നല്‍കിയത് എന്നത് ശ്രദ്ധേയമാണ്.കുടുംബ ജീവിതക്കാരുടെ മാദ്ധ്യസ്തനും,വിശുദ്ധരുടെ ഗണത്തിലേക്ക് നാമകരണം ചെയ്യുന്നതിന് മുമ്പേ തന്നെ ഭാരത സഭയുടെ മുഴുവന്‍ ദൈവ മക്കളുടെയും മാദ്ധ്യസ്തനായി ഗണിക്കുകയും,സഭക്ക് ശക്തമായ അടിത്തറയും, ഘടനയും,ലിഖിത രൂപവും ഭാവവും നല്‍കുകയും ചെയ്ത സഭയുടെ പ്രഥമ ശ്രേഷ്ട ഇടയനും ആത്മീയസാമൂഹ്യവിദ്യാഭ്യാസസാഹിത്യ മേഖലകളില്‍ അത്ഭുത പാണ്ഡിത്യ പ്രതിഭയുമായിരുന്ന വി.ചാവറ പിതാവ്.പ്രാര്‍ത്ഥനകളുടെ മഹത് ശക്തി ഒന്ന് കൊണ്ട് മാത്രം സുവിശേഷ വല്‍ക്കരണവും,അഭയം തേടിയെത്തുന്നവര്‍ക്ക് ദൈവീക പ്രതീക്ഷയും,ശക്തിയും പകര്‍ന്ന, പരസഹായത്തിന്റെ പൂര്‍ന്നതയായ പ്രാര്ത്തനാംബയാണ് വി.എവുപ്രാസ്യാമ്മ.
ബ്ലാക്ക്പൂളില്‍ വ്യക്തിഗത ഇടവക പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ യു കെ യില്‍ സീറോ മലബാര്‍ സഭക്ക് കിട്ടിയ വലിയ അംഗീകാരമായി അതിനെ കാണാമെന്നും,സഭക്ക് അഭിമാനവും,ആത്മീയ ശോഭയും പകര്‍ന്നു നല്‍കിയ വി. ചാവറ പിതാവിന്റെയും, വി.എവുപ്രാസ്യാമ്മയുടെയും നാമധേയം വ്യക്തിഗത ഇടവകക്ക് നല്‍കിയതിലൂടെ യു കെ അനുഗ്രഹസാന്ദ്രവും ആവട്ടെയെന്നും യു കെ CMI കോര്‍ഡിനേട്ടര്‍ ഫാ.ഡേവീസ് വടക്കുമ്പാടന്‍ ആശംശിച്ചു.
യു കെ യില്‍ ലങ്കാസ്റ്റര്‍ രൂപതയില്‍ തന്റെ നിയോഗിത സേവനം അര്‍പ്പണ മനോഭാവത്തോടെ നയിക്കുവാനും, മറ്റു മേഖലകളില്‍ തന്റെ പരിചയ സമ്പത്തും, വൈദീക അനുഭവവും, മതബോധന രംഗത്തെ ജ്ഞാനവും,ധ്യാന ചിന്തകളും പകരുവാനും സമയം കണ്ടെത്തുന്ന അച്ചന്‍ യു കെ യിലെ മലയാളികള്‍ക്ക് വലിയ സമ്പത്താണെന്നു മാനന്തവാടി, താമരശ്ശേരി രൂപതകളിലും,തൃശ്ശൂര്‍ അതി രൂപതയിലും അദ്ധ്യക്ഷനായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴി സന്തോഷം പങ്കു വെച്ചു. താമരശ്ശേരി രൂപതയില്‍ പ്രശംശാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുള്ള തന്റെ ഒരു നല്ല സുഹൃത്തും കൂടിയാണ് ചൂരപോയികയില്‍ അച്ചന്‍ എന്നും പിതാവോര്‍മ്മിച്ചു.
മാത്യു അച്ചന്റെയും, ബ്ലാക്ക് പൂളിലെ സഭാ മക്കളുടെയും പരിശ്രമത്തിനു ദൈവം നല്‍കിയ അനുഗ്രഹ സാഫല്യം യു കെ യുടെയും, യുറോപ്പിനും മാര്‍ഗ്ഗ രേഖയും, പ്രതീക്ഷകളും ആവട്ടെയെന്നും മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍ ആശംശകള്‍ നേര്‍ന്നു.
ചാവറ പിതാവിന്റെ അനുകരണീയമായ ജീവിത ദര്ശ്ശനങ്ങള്‍ മനസ്സിലാക്കുവാനും, ആ ചൈതന്യ ദിവ്യ ധാരയില്‍ വളരുന്നതിനും, വി.എവുപ്രാസ്യാമ്മയിലൂടെ പ്രാര്‍ത്ഥനയുടെ ശക്തി മനസ്സിലാക്കി ജീവിത വിജയങ്ങള്‍ക്ക് പ്രാര്‍ത്ഥനയെ മുറുകെ പിടിക്കുന്നതിനും ഇരുവരുടെയും ശക്തമായ മാദ്ധ്യസ്ഥം യു കെ യില്‍ അനുഗ്രഹ വേദിയായി ആവട്ടെ എന്ന് CMI യുടെ മുതിര്‍ന്ന അച്ചനും, വെംബ്ലി പള്ളി വികാരിയുമായ ഫാ. ജോണ്‍ മേനോങ്കരി ആശംശിച്ചു.
ഇടവകയുടെ പ്രതിഷ്ടാ കര്‍മ്മം പിന്നീട് അതി വിപുലമായിനടത്തുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭയുടെ പരമോന്നത ശ്രേഷ്ട ഇടയന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവും, ലങ്കാസ്റ്റര്‍ രൂപതാദ്ധ്യക്ഷന്‍ ബഹുമാനപ്പെട്ട ബിഷപ്പ് മൈക്കിള്‍ കാംപെല്ലും,സഭയുടെ വിശിഷ്ട അധികാരികളും പ്രതിഷ്ടാ ചടങ്ങിനു നേതൃത്വം നല്‍കും. യുറോപ്പില്‍ സഭ ചരിത്ര നേട്ടം രചിക്കുന്ന ഇടവകാ പ്രതിഷ്ടാ ദിനം തങ്ങളുടെ കൂട്ടായ്മ്മയുടെ അഭൂതപൂര്‍വ്വമായ ഒത്തൊരുമയുടെയും ആത്മീയ ശക്തിയുടെയും ചരിത്രം കൂടിയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ബ്ലാക്ക് പൂള്‍ സീറോ മലബാര്‍ കമ്മ്യുനിട്ടി ഈ വിശേഷാല്‍ ദിനം അവിസ്മരണീയമാക്കുവാന്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല