സ്വന്തം ലേഖകന്‍: വിമാനത്താവളത്തില്‍ നിന്ന് ലഗേജ് മോഷ്ടിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയും ഇന്ത്യന്‍ വംശജനുമായ ഹോട്ടലുടമ അറസ്റ്റില്‍. ദിശേഷ് ചൗളയെന്ന ഹോട്ടലുടമയാണ് അമേരിക്കയില്‍ അറസ്റ്റിലായത്.
ചൗള ഹോട്ടല്‍ ശൃംഖലയുടെ സി.ഇ.ഒയാണ് ദിനേശ് ചൗള. അമേരിക്കയിലെ മെംഫിസ് വിമാനത്താവളത്തില്‍ നിന്ന് ലഗേജ് മോഷ്ടിച്ചതിനാണ് അറസ്റ്റ്. വിമാനത്താവളത്തില്‍ നിന്ന് സ്യൂട്ട്‌കേസ് മോഷ്ടിച്ച് സ്വന്തം കാറില്‍ വെയ്ക്കുകയും തുടര്‍ന്ന് വിമാനത്തില്‍ യാത്രപോകാനായി വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചതായും പോലീസ് പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് വിമാനത്താവളത്തില്‍ നിന്ന് ലഗേജ് കാണാതായതായി പരാതി പോയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ചൗളയുടെ കാറില്‍ നിന്ന് മോഷണം പോയ ലഗേജ് കണ്ടെടുക്കുകയായിരുന്നു. ഇതൊടൊപ്പം മാസങ്ങള്‍ക്ക് മുമ്പ് വിമാനത്താവളത്തില്‍ നിന്ന് കാണാതായ മറ്റൊരു ലഗേജിലെ ഭാഗങ്ങളും കാറില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൗള മെംഫിസ് വിമാനത്താവളത്തില്‍ തിരികെ എത്തിയ സമയത്താണ് അറസ്റ്റ് നടന്നത്. 4000 ഡോളറോളം വില വരുന്ന വസ്തുക്കള്‍ ഇതുവരെ മോഷ്ടിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. താനിത് വളരെക്കാലമായി നടത്തുന്നുണ്ടെന്നാണ് ചൗള പോലീസിനോട് കുറ്റസമ്മതം നടത്തിയത്.
മോഷ്ടിക്കുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും മോഷണം നടത്തുമ്പോള്‍ തനിക്ക് സന്തോഷമുണ്ടാകാറുണ്ടെന്നാണ് ചൗള പറയുന്നത്. ദിനേശ് ചൗളയും സഹോദരന്‍ സുരേഷ് ചൗളയും ചേര്‍ന്ന് ഹോട്ടലുകളുടെയും മോട്ടലുകളുടെയും ഒരു നിരതന്നെ നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല